ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നടി ലക്ഷ്മി ആര്‍. മേനോന് മുന്‍കൂര്‍ ജാമ്യം
നടി ലക്ഷ്മി ആര്‍. മേനോന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയെന്ന കേസില്‍ മൂന്നാം പ്രതിയായ നടി ലക്ഷ്മി ആര്‍. മേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നഗരത്തിലെ പബ്ബിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ നടിയും സംഘവും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു എന്നായിരുന്നു കേസ്.
നടിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യം ഗുരുതരമാണെങ്കിലും ഇരുകൂട്ടരുടെയും സത്യവാങ്മൂലം കണക്കിലെടുത്ത് ഹര്‍ജിക്കാരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു. നടിയുടെ അറസ്റ്റ് കോടതി നേരത്തേ താത്കാലികമായി വിലക്കിയിരുന്നു.
ഓഗസ്റ്റ് 24-ന് രാത്രി പബ്ബില്‍ െവച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറില്‍ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കള്‍ പരാതിക്കാരനെ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് കേസ്.