കുഞ്ഞിന്റെ അംഗവൈകല്യം ഗര്‍ഭാവസ്ഥയില്‍ തിരിച്ചറിഞ്ഞില്ല; ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2025-10-10 14:21 GMT

ആലപ്പുഴ : നിരവധി തവണ സ്‌കാന്‍ ചെയ്തിട്ടും ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്ന് മനസിലാക്കാത്ത ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്കനടപടികളുടെ സമഗ്രമായ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം രണ്ടു സ്വകാര്യ സ്‌കാനിംഗ് സെന്ററുകളില്‍ നിന്നും നിരവധി തവണ സ്‌കാന്‍ ചെയ്തിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ അംഗവൈകല്യത്തെകുറിച്ച് ചികിത്സിച്ചിരുന്ന വനിതാ ഡോക്ടര്‍മാര്‍ തന്നെ അറിയിച്ചില്ലെന്ന് ലജനത്ത് വാര്‍ഡ് സ്വദേശിനി കമ്മീഷനെ അറിയിച്ചു. പ്രസവസമയത്ത് തന്നെ ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി പരാതിക്കാരി പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുഞ്ഞിന്റെ അവസ്ഥ തന്നെ അറിയിച്ചത്. കുഞ്ഞിന്റെ ചലനവും അംഗവൈകല്യവും അറിയാന്‍ കഴിയുന്ന ഒബ്സ്റ്റട്രിക് സോണോഗ്രഫി അനോമലി എന്ന സ്‌കാന്‍ എടുത്തതാണെന്നും പരാതിക്കാരി അറിയിച്ചുഎന്നിട്ടും ഡോക്ടര്‍മാര്‍ വിവരം പറഞ്ഞില്ല. പ്രസവിച്ചപ്പോള്‍ കുഞ്ഞിന് നിരവധി അംഗവൈകല്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ക്കെതിരെ ചികിത്സാപിഴവിന് കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചികിത്സാപിഴവ് വരുത്തിയ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കെതിരെ 1960-ലെ കെ.സി.എസ് (സി.സി.&എ) ചട്ടം 15 പ്രകാരം അച്ചടക്കനടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഡി.എച്ച്.എസിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Tags:    

Similar News