നിയന്ത്രണംവിട്ട സ്‌കൂള്‍ബസ് ചായക്കടയിലേക്ക് പാഞ്ഞുകയറി; ഒരാള്‍ക്ക് ദാരുണാന്ത്യം; അഞ്ചുപേര്‍ക്ക് പരിക്ക്
മലപ്പുറം: തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി അപകടം. ഒരാള്‍ മരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കണ്ടനകം വിദ്യാപീഠം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന വിജയന്‍ (58) ആണ് ബസ് ഇടിച്ച് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം. എടപ്പാളിലെ ദാറുല്‍ ഹിദായ സ്‌കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസാണ് കണ്ടനകത്ത് വെച്ച് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്.
നടപ്പാതയില്‍ നില്‍ക്കുകയായിരുന്ന വിജയനെയും വിദ്യാപീഠം സ്‌കൂള്‍ വിദ്യാര്‍ഥിയെയും ഇടിച്ച ശേഷമാണ് കടയിലേക്ക് പാഞ്ഞുകയറിയത്.
ചായക്കടയില്‍ ഇരിക്കുകയായിരുന്ന പ്രദേശവാസിയായ കുട്ടന്‍, തൊട്ടടുത്ത കടക്കാരനായ മോഹനന്‍, വിദ്യാപീഠം സ്‌കൂള്‍ വിട്ടു പോകുകയായിരുന്ന വിദ്യാര്‍ഥി, ബസിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കടയ്ക്കുള്ളില്‍ ഇരിക്കുകയായിരുന്ന കുട്ടന്‍ ബസിനടിയില്‍ കുടുങ്ങി. ഒന്നര മണിക്കൂറോളം സമയം നാട്ടുകാരും പോലീസും അഗ്നിശമന സേനയും നടത്തിയ കഠിന ശ്രമത്തിലൂടെയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. പരിക്ക് ഗുരുതരമാണ്.