ജുവലറിയിലെ സ്വര്‍ണം പോക്കറ്റില്‍ ഒളിപ്പിച്ച് കടത്തും; സംശയം തോന്നിയതോടെ പരിശോധന; ജീവനക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ജുവലറിയിലെ സ്വര്‍ണം പോക്കറ്റിലാക്കി ഒളിപ്പിച്ച് കടത്തിയിരുന്ന ജീവനക്കാരന്‍ ഒടുവില്‍ പിടിയില്‍. കസ്റ്റമേഴ്‌സിനെയും സ്ഥാപനത്തെയും കബളിപ്പിച്ചായിരുന്നു ജീവനക്കാരന്റെ മോഷണം. തിരുവനന്തപുരം ജില്ലയിലെ ആലംകോടാണ് സംഭവം. തൃശൂര്‍ പുത്തൂര്‍ പൊന്നുക്കര സ്വദേശി സിജോ ഫ്രാന്‍സിസ് (41) ആണ് അറസ്റ്റിലായത്. സംശയത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം കണ്ടെത്തി.
തുടര്‍ന്ന് ഫ്രാന്‍സിസ് താമസിച്ചിരുന്ന മുറിയില്‍ പൊലീസെത്തി പരിശോധന നടത്തി. അവിടെ നിന്ന് 5 ഗ്രാമോളം സ്വര്‍ണം കണ്ടെത്തി. സിജോ ഫ്രാന്‍സിസ് ഏറെ നാളുകളായി ജുവലറിയിലെത്തുന്ന കസ്റ്റമേഴ്‌സിനെ കബളിപ്പിച്ചും, സ്റ്റോക്കില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം മോഷ്ടിച്ചും വരികയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ജീവനക്കാരന്‍ തന്നെ ജുവലറിയില്‍ മോഷണം നടത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ എസ്.എച്ച്.ഒ അജയന്‍, സബ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു, സി.പി.ഒമാരായ അനന്തു, ശ്രീനാഥ്, ദീപു കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഫ്രാന്‍സിസിനെ റിമാന്‍ഡ് ചെയ്തു.