രണ്ടു മാസമായി വള്ളിയമ്മയെ കാണാനില്ല; ഭര്‍ത്താവ് കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ട്; അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം

Update: 2025-10-17 10:14 GMT

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ് രണ്ടു മാസം മുമ്പ് കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.

രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വള്ളിയമ്മയുടെ ആദ്യ വിവാഹത്തിലെ മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പുത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വള്ളിയമ്മയും പഴനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ പഴനി വള്ളിയമ്മയെ കൊലപ്പെടുത്തി ഉള്‍വനത്തില്‍ കുഴിച്ചിട്ടുവെന്നാണ് സൂചന.

ചോദ്യം ചെയ്യലില്‍ പഴനി ഇക്കാര്യം സമ്മതിച്ചുവെന്നാ് റിപ്പോര്‍ട്ട്. കാടിനകത്ത് വലിയ കുഴി കുഴിച്ച് അതിനകത്ത് വള്ളിയമ്മയുടെ മൃതദേഹം ഇട്ടു മൂടിയെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം കണ്ടെടുക്കാനായി പഴനിയുമായി പോലീസ് സംഘം ഉള്‍ക്കാട്ടിലേക്ക് പോയി. മൃതദേഹം ലഭിച്ചാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് സൂചിപ്പിച്ചു.

Similar News