ബസില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ബലമായി പിടിച്ചിറക്കി; കുട്ടിയുടെ വലതുകൈക്ക് പൊട്ടല്‍; അമ്മയുടെ പരാതിയില്‍ കേസ്
എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക് നേരെ സ്വകാര്യ ബസ് ക്‌ളീനറുടെ അതിക്രമം
കണ്ണൂര്‍ : കണ്ണൂരില്‍ യാത്രക്കാരനായ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക് നേരെ സ്വകാര്യ ബസ് ക്‌ളീനറുടെ അതിക്രമം. പഴയങ്ങാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് ക്ലീനര്‍ പിടിച്ചിറക്കിയതു കാരണം പരുക്കേറ്റതായി അമ്മ പൊലീസില്‍ പരാതി നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി പഴയങ്ങാടി ബസ്റ്റാന്റില്‍ നിന്ന് ബസ്സ് കയറിയ നെരുവമ്പ്രം ജെടി എസ് സ്‌കൂളിലെ താവം സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ബസ്സ്‌ക്ലീനര്‍ ബലപ്രയോഗത്തിലൂടെ പിടിച്ചിറക്കിയത്. ഇതു കാരണം കുട്ടിയുടെ വലതുകൈക്ക് പരിക്കേറ്റു.
പഴയങ്ങാടി- കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ഒയാസിസ് ബസ്സിലെ ക്ലീനര്‍ക്ക് എതിരെ കുട്ടിയുടെ അമ്മ എസ് ജിഷ പരാതി നല്‍കി. മറ്റൊരു ബസ്സില്‍ വീട്ടിലെത്തിയ വിദ്യാര്‍ത്ഥി വേദനകൊണ്ട് കരഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് പഴയങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് വിശദമായ പരിശോധനയിലാണ് വലത്തേ കൈക്ക് രണ്ടിടങ്ങളിലായി പൊട്ടല്‍ കണ്ടെത്തിയത്. കുട്ടിയുടെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. സംഭവത്തില്‍ പഴയങ്ങാടി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.