സ്‌കൂള്‍ ഇടവേള സമയത്ത് ഗുളിക ചലഞ്ച് നടത്തി വിദ്യാര്‍ത്ഥികള്‍; അമിത അളവില്‍ അയണ്‍ ഗുളിക കഴിച്ച ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അമിത അളവിൽ അയൺഗുളിക കഴിച്ച വിദ്യാർഥികൾ ചികിത്സയിൽ
ശാസ്താംകോട്ട: സ്‌കൂളില്‍ നിന്നും നല്‍കിയ അയണ്‍ ഗുളിക അമിത അളവില്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സതേടിയത്. സ്‌കൂളില്‍ വെച്ച് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. ആറ് കുട്ടികളില്‍ രണ്ടുപേര്‍ ജില്ലാ ആശുപത്രിയിലാണ്. ഒരാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് കുട്ടികള്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതിനായി അയണ്‍ ഗുളിക സ്‌കൂളില്‍ നല്‍കിയിരുന്നു. 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് നല്‍കിയത്. ഓരോ ഗുളികവീതം വീട്ടില്‍ച്ചെന്ന് കഴിക്കുന്നതിനായി ക്ലാസ് ചുമതലക്കാരായ അധ്യാപകര്‍ ചൊവ്വാഴ്ച രാവിലെ ആദ്യ പീരിയഡ് സമയത്ത് കുട്ടികളുടെ കൈവശം നല്‍കി. ആരും സ്‌കൂളില്‍ വെച്ച് കഴിക്കേണ്ടന്നും വീട്ടില്‍ ചെന്നിട്ട് എടുത്താല്‍ മതിയെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇടവേള സമയത്ത് എട്ടാംക്ലാസിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഗുളിക ചലഞ്ച് നടത്തി.
ഏറ്റവും കൂടുതല്‍ ഗുളിക കഴിക്കുന്നവര്‍ ആരെന്നതായിരുന്നു മത്സരം. ആറംഗ സംഘമാണ് മത്സരിച്ചത്. മത്സരത്തിനായി അവര്‍ മറ്റ് കുട്ടികള്‍ക്ക് കിട്ടിയ ഗുളികകള്‍കൂടി ശേഖരിച്ചു. കൈവശമുണ്ടായിരുന്ന ഗുളികകള്‍ വിഴുങ്ങാന്‍ തുടങ്ങി. ചിലര്‍ പത്തും പതിനഞ്ചും വിഴുങ്ങി. മുപ്പത് ഗുളികകള്‍ ഒന്നിച്ച് വിഴുങ്ങിയവരുമുണ്ടായിരുന്നു.
അമിതമായി കഴിച്ചവര്‍ ഉച്ചയോടെ അസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. ചിലര്‍ ഛര്‍ദ്ദിക്കാനും തുടങ്ങി. അപ്പോഴാണ് അധ്യാപകര്‍ വിവരം അറിയുന്നത്. പെട്ടെന്നുതന്നെ കുട്ടികളെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിലുള്ള കുട്ടികളുടെ നില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.