അഞ്ചു വര്‍ഷം; കേരളത്തില്‍ പഠിക്കാനെത്തിയത് 768 വിദേശ വിദ്യാര്‍ത്ഥികള്‍
അഞ്ചു വര്‍ഷം; കേരളത്തില്‍ പഠിക്കാനെത്തിയത് 768 വിദേശ വിദ്യാര്‍ത്ഥികള്‍
പൊന്നാനി: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പഠിക്കാനെത്തിയത് 768 വിദേശ വിദ്യാര്‍ത്ഥികള്‍. ബിരുദ, ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഉള്‍പ്പെടെയുള്ളവര്‍ പഠിക്കാനെത്തിയിട്ടുണ്ട്. കേരള സര്‍വകലാശാലയിലാണ് കൂടുതല്‍ വിദേശവിദ്യാര്‍ഥികളെത്തിയത്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 371 പേര്‍ കേരള സര്‍വകലാശാലയില്‍ എത്തി.
എംജിയില്‍ 203, കുസാറ്റില്‍ 56, കാലിക്കറ്റില്‍ 36, ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 32, കണ്ണൂരില്‍ മൂന്ന് എന്നിങ്ങനെയാണ് മറ്റു സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവരുടെ എണ്ണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള പ്രത്യേക പദ്ധതി (ഐസിസിആര്‍) പ്രകാരം 55 പേരെത്തി. മറ്റു പദ്ധതികളുടെ ഭാഗമായി 12 വിദ്യാര്‍ഥികളും എത്തിയിട്ടുണ്ട്.
കേരള സര്‍വകലാശാലയില്‍ 2025-26 അക്കാദമിക വര്‍ഷം 98 വിദേശ വിദ്യാര്‍ഥികളെത്തി. അഫ്ഗാനിസ്താന്‍, കാനഡ, കൊളംബിയ, അങ്കോള, ഇറാന്‍, ഇറാഖ്, ജോര്‍ജിയ, ഇന്‍ഡൊനീഷ്യ, കെനിയ തുടങ്ങി 55 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ കേരളയില്‍ പഠിക്കാനെത്തിയിട്ടുണ്ട്.
എംജി സര്‍വകലാശാലയില്‍ 35 രാജ്യങ്ങളില്‍നിന്നായി 203 പേര്‍ പഠിക്കുന്നു. 67 പേര്‍ ബിരുദത്തിനും 110 പേര്‍ ബിരുദാനന്തര ബിരുദത്തിനും. 26 ഗവേഷണ വിദ്യാര്‍ഥികളുമുണ്ട്. ഇതില്‍ മൂന്നുപേര്‍ ഹ്രസ്വ ദൈര്‍ഘ്യ ഗവേഷണ വിദ്യാര്‍ഥികളാണ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ അമേരിക്കയില്‍നിന്നുള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് അഞ്ചുവര്‍ഷത്തിനിടെയെത്തിയത്. 2025-26ല്‍ അഞ്ചുപേര്‍ പ്രവേശനം നേടി. ബംഗ്ലാദേശ്, കെനിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണിവര്‍.
ബിഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിന് രണ്ടുപേരും ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് മൂന്നുപേരും. ജര്‍മനിയില്‍നിന്നുള്ള മൂന്നുപേരാണ് ഉന്നത വിദ്യാഭ്യാസത്തിനെത്തിനായി കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയിട്ടുള്ളത്.