കെ.ആര്‍. നാരായണന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിയ പ്രതിഭ: രാഷ്ട്രപതി; മുന്‍ രാഷ്ട്രപതിയുടെ പ്രതിമ രാജ്ഭവനില്‍ അനാച്ഛാദനം ചെയ്തു

മുന്‍ രാഷ്ട്രപതിയുടെ പ്രതിമ രാജ്ഭവനില്‍ അനാച്ഛാദനം ചെയ്തു

Update: 2025-10-23 13:15 GMT

തിരുവനന്തപുരം: ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. രാജ്ഭവനില്‍ സ്ഥാപിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി കെ.ആര്‍. നാരായണന്‍ നടത്തിയ പരിശ്രമങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. അചഞ്ചലമായ സമര്‍പ്പണത്തിലൂടെയും വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെയുമാണ് കെ.ആര്‍. നാരായണന്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയത്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ഔദ്യോഗിക ജീവിതത്തിലും സമാധാനം, നീതി, സഹകരണം എന്നീ ആശയങ്ങളാണ് കെ.ആര്‍. നാരായണന്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

രാജ്യത്തിന്റെയും മനുഷ്യന്റെയും വികസനത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കിന് അദ്ദേഹം ഊന്നല്‍ നല്‍കി. സാധാരണ ജനങ്ങളുടെ ജീവിതം ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ച അദ്ദേഹം ഭാവി തലമുറകള്‍ക്ക് പ്രചോദനമാകുന്ന നേതൃഗുണങ്ങളുടെ പ്രതീകമാണ്. ധാര്‍മികത, സത്യസന്ധത, അനുകമ്പ, ജനാധിപത്യപരമായ മനോഭാവം എന്നിവ അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ജീവിതസന്ദേശവും രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള പാതയില്‍ എന്നും മാര്‍ഗദീപമാകും. രാജ്ഭവനില്‍ കെ.ആര്‍. നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്നേഹാദരവ് അദ്ദേഹത്തിന് നല്‍കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.

മുന്‍ രാഷ്ട്രപതിമാരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഷ്ട്രപതി നന്ദി അറിയിച്ചു. കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ചടങ്ങില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. ഗവര്‍ണറുടെ പത്‌നി അനഘ അര്‍ലേക്കര്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, ആന്റണി രാജു എം.എല്‍.എ., സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്ഭവനില്‍ അതിഥി മന്ദിരത്തോടു ചേര്‍ന്നുള്ള സ്ഥലത്താണ് കെ.ആര്‍. നാരായണന്റെ മൂന്നടി ഉയരമുള്ള അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണച്ചുമതല. ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.കെ. നാരായണന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ ശില്പി സിജോയാണ് പ്രതിമയുടെ രൂപകല്‍പ്പന.

Tags:    

Similar News