സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കലിതുള്ളുന്നു. അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മാറി താമസിക്കണം. നദീതീരങ്ങള്‍, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരും നിര്‍ദേശമനുസരിച്ച് മാറണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.
കേരളം, കര്‍ണാടക തീരങ്ങളിലും സമുദ്രഭാഗങ്ങളിലും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 27 വരെ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ല.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു സാഹചര്യമാണ് കേരളത്തിലെ മഴ ഭീഷണി ശക്തമാക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവര്‍ഷം ഔദ്യോഗികമായി ആരംഭിച്ചു ഒരാഴ്ച പിന്നിട്ടപ്പോള്‍ കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത് 37 % അധിക മഴ ലഭിച്ചു.