മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Update: 2025-10-28 01:17 GMT

മലപ്പുറം: കണ്ണമംഗലം കൊളപ്പുറം വിമാനത്താവളം റോഡില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. പള്ളിക്കല്‍ ബസാറിനടുത്ത ജവാന്‍സ് നഗറില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സജി നിവാസില്‍ അത്തിപ്പറമ്പത്ത് സജീവ്കുമാറിന്റെ (സജി) മകന്‍ ധനഞ്ജയ് (17) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ധനഞ്ജയ്. കൂടെയുണ്ടായിരുന്ന ഹാഷിം, ഷമീം, ഫഹദ് , ആദര്‍ശ് എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

കൊണ്ടോട്ടിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ധനഞ്ജയ് മരിച്ചിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഷമീമിനെ കോഴിക്കോട് കെഎംസിടിയിലേക്കും മാറ്റി. ഷെഗിജയാണ് ധനഞ്ജയിന്റെ അമ്മ. സഹോദരി: ദീക്ഷ (കുഞ്ഞാറ്റ).

Tags:    

Similar News