മരുമകള്‍ക്കൊപ്പം ഓട്ടോയില്‍ ആശുപത്രിയില്‍ എത്തി; ഗുളിക കഴിച്ചതോടെ അബോധാവസ്ഥയിലായി; കോട്ടയത്തെ യുവതിയുടെ മരണം ചികിത്സാ പിഴവെന്ന് പരാതി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗൈനകോളേജി വിഭാഗത്തില്‍ ഡി ആന്റ് സി പരിശോധനക്കായി എത്തിയ യുവതി മരിക്കാനിടയായ സംഭവത്തില്‍ ബന്ധുക്കളുടെ പ്രതിഷേധം. യുവതി മരിച്ചത് ചികിത്സാ പിഴവ് കാരണമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി. കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷന്‍ (49) അണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഗൈനകോളേജി വിഭാഗത്തില്‍ ഡി ആന്റ് സി പരിശോധനക്കായി രാവിലെ ആറുമണിക്ക് എത്തിയതായിരുന്നു ശാലിനി. അമിത രക്തസമ്മദര്‍മോ പ്രമേഹമോ മറ്റ് ആരോഗ്യപ്രശ്‌നളോ ഉണ്ടായിരുന്നില്ല. മരുമകള്‍ക്കൊപ്പം ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിയ ശാലിനി ഗൈനക്കോളേജി വിഭാഗത്തില്‍ എത്തുകയും ഗുളിക കഴിച്ച് 15 മിനിറ്റിനിടെ ശാരീരിക അസ്വാസ്ഥത ഉണ്ടാകുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
അബോധാവസ്ഥയിലായ ശാലിനിയെ ഉടന്‍തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പുലര്‍ച്ചെയോടെയാണ് ശാലിനി മരിച്ചതായുള്ള വിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പോലീസില്‍ പരാതി നല്‍കി. അസ്വഭാവിക മരണത്തിന് കേസെടുത്തതായി ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു.