ഒരു കാര്യത്തിന് എങ്ങനെയാണ് രണ്ട് പ്രാവശ്യം നടപടിയെടുക്കുന്നത്; ഞങ്ങള്‍ രാഹുലിനെതിരെ നടപടിയെടുത്ത് കഴിഞ്ഞു; പ്രതികരിച്ച് വിഡി സതീശന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഒരുതവണ നടപടിയെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിന്റെ പുതിയ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് സതീശന്‍ ഇങ്ങനെ പറഞ്ഞത്. രാഹുലിനെതിരെ പാര്‍ട്ടി നേതൃത്വമാണ് അന്ന് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ മാത്രം എടുത്ത തീരുമാനമല്ല. പാര്‍ട്ടി നേതൃത്വം ഏകകണ്ഠമായിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത്. ഒരു കാര്യത്തിന് എങ്ങനെയാണ് രണ്ട് പ്രാവശ്യം നടപടിയെടുക്കുന്നത്. ഞങ്ങള്‍ രാഹുലിനെതിരെ നടപടിയെടുത്ത് കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തിയ കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ ജയിലിലാണ്. അപ്പോള്‍ അവര്‍ക്കെതിരെ എന്തുകൊണ്ട് ആ പാര്‍ട്ടി നടപടിയെടുക്കുന്നില്ല. മോഷണക്കേസില്‍ പ്രതികളാണ് അവര്‍. അവര്‍ക്കെതിരെ നടപടി ഇതുവരെ എടുത്തിട്ടില്ല. അത് നിങ്ങള്‍ എന്താണ് ചോദിക്കാത്തത്'- സതീശന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുല്‍ പെണ്‍കുട്ടിയോട് ഗര്‍ഭിണിയാകണമെന്ന് ആവശ്യപ്പെടുന്ന വാട്‌സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.