ഫോൺ ചോദിച്ചിട്ട് കൊടുക്കാത്തതിൽ വൈരാഗ്യം; ബാർ ജീവനക്കാരനായ യുവാവിനെ ബന്ധു വെടിവെച്ചു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഉന്നാംപാറയിൽ യുവാവിന് വെടിയേറ്റു. രഞ്ജിത്ത് എന്ന യുവാവിനെ ബന്ധുവായ സജീവ് എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ഫോൺ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് നിഗമനം. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ തൂങ്ങാംപാറയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സജീവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രഞ്ജിത്തും സജീവും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
തിരുവനന്തപുരത്തെ ഒരു ബാറിലെ ജീവനക്കാരനാണ് പരിക്കേറ്റ രഞ്ജിത്ത്. സജീവ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയാണ്. സംഭവത്തിൽ കാട്ടാക്കട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.