വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു; ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി മരിച്ചു
ഒറ്റപ്പാലം: കുപ്പിയില്‍ സൂക്ഷിച്ച ആസിഡ് വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ കുടിച്ചയാള്‍ മരിച്ചു. വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്ണന്‍ (59) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്.
കഴിഞ്ഞ മാസം അഞ്ചാം തീയതി പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇലക്ട്രിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനം നടത്തിവരികയായിരുന്നു രാധാകൃഷ്ണന്‍. ജോലിയുടെ ആവശ്യത്തിനായി സെവനപ്പിന്റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ്, കിടപ്പുമുറിയില്‍ വെച്ച് വെള്ളമാണെന്ന് കരുതി അദ്ദേഹം കുടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയെങ്കിലും ഡയാലിസിസിനായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് ശാരീരിക അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവയാനിയാണ് ഭാര്യ. മക്കള്‍: അമൃതാനന്ദന്‍, ആതിര.