ഡെപ്യൂട്ടി കളക്ടറുടെ സസ്‌പെന്‍ഷന്‍: സര്‍ക്കാരിനെതിരെ എന്‍.ജി.ഒ അസോസിയേഷന്‍; നടപടിയില്‍ അവ്യക്തതയെന്ന് ആരോപണം

Update: 2026-01-25 06:50 GMT

കല്പറ്റ: വയനാട് ഡെപ്യൂട്ടി കളക്ടര്‍ സി. ഗീതയുടെ സസ്പെന്‍ഷനെച്ചൊല്ലി റവന്യൂ വകുപ്പില്‍ വിവാദം പുകയുന്നു. ഭൂമി തരംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുത്തപ്പോള്‍, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ രംഗത്തെത്തി.

സര്‍ക്കാരിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. ആര് പണം നല്‍കിയെന്നോ ആര് വാങ്ങിയെന്നോ ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. ഒരു 'അജ്ഞാതന്റെ' വെളിപ്പെടുത്തലിനെ മാത്രം അടിസ്ഥാനമാക്കിയാണ് ഒരു ഉന്നത ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് നീക്കിയതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് നേതാവ് കെ.ജെ. ദേവസ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റവന്യൂ വകുപ്പിന്റെ നടപടി.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആറുമാസം മാത്രം ബാക്കിനില്‍ക്കെ ഗീതയെ മനഃപൂര്‍വ്വം കുടുക്കിയതാണെന്നാണ് സഹപ്രവര്‍ത്തകരുടെ വാദം. നൂല്‍പുഴ ഭാഗത്ത് നീരൊഴുക്ക് തടസ്സപ്പെടുത്തി വയല്‍ നികത്താനുള്ള നീക്കത്തെ ഗീത എതിര്‍ത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സസ്പെന്‍ഷനിലേക്ക് നയിച്ചതെന്നും ആരോപണമുണ്ട്.

ജില്ലാ കളക്ടറുടെ ഭാഗത്തുനിന്ന് വിശദീകരണം തേടുകയോ കൃത്യമായ ഹിയറിങ് നടത്തുകയോ ചെയ്യാതെ എടുത്ത ഈ നടപടി ചട്ടവിരുദ്ധമാണെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ വ്യക്തമാക്കി. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

Similar News