കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കോടാലിക്കൈ; രക്തസാക്ഷി ഫണ്ടില്‍ വെട്ടിപ്പില്ലെന്ന് എം.വി. ജയരാജന്‍; കണ്ണൂരില്‍ കരുതലിന് സിപിഎം
കണ്ണൂര്‍: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി നിലപാടിനെ പരസ്യമായി തള്ളിയ വി. കുഞ്ഞികൃഷ്ണനെതിരെ ആഞ്ഞടിച്ച് എം.വി. ജയരാജന്‍. കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിക്കൈ ആയി മാറിയെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് ആരും പണം അപഹരിച്ചിട്ടില്ലെന്ന് ജയരാജന്‍ ആവര്‍ത്തിച്ചു. 'ധനാപഹരണം നടന്നിട്ടില്ലെന്ന് രണ്ട് കമ്മീഷനുകള്‍ അന്വേഷിച്ചു കണ്ടെത്തിയതാണ്. യഥാസമയം കണക്ക് അവതരിപ്പിച്ചില്ല എന്നതായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍. അതിന്മേല്‍ ആവശ്യമായ അച്ചടക്ക നടപടികള്‍ എടുത്തു കഴിഞ്ഞു. എന്നാല്‍ ഇല്ലാത്ത അഴിമതിയുടെ പേരില്‍ പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അവഹേളിക്കാനാണ് കുഞ്ഞികൃഷ്ണന്‍ ശ്രമിക്കുന്നത്,' ജയരാജന്‍ വ്യക്തമാക്കി.
യശശ്ശരീരനായ കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഉള്‍പ്പെടെ ഈ വിവാദത്തിലേക്ക് കുഞ്ഞികൃഷ്ണന്‍ വലിച്ചിഴച്ചതിനെ ജയരാജന്‍ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല എന്ന ആരോപണം വാസ്തവവിരുദ്ധമാണ്. കുഞ്ഞികൃഷ്ണന്‍ കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റിയാണ് ഈ വിഷയത്തില്‍ തീരുമാനമെടുത്തതെന്നും അന്ന് അദ്ദേഹം സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്നും ജയരാജന്‍ ചോദിച്ചു.
തന്റെ ശൈലിയിലുള്ള ചോദ്യങ്ങളിലൂടെയാണ് അഴിമതി ആരോപണങ്ങളെ ജയരാജന്‍ നേരിട്ടത്. 'ധനാപഹരണം എന്ന് പറഞ്ഞാല്‍ ഞാന്‍ കക്കണ്ടേ? കട്ടിട്ട് എന്റെ വീട്ടില്‍ എന്തെങ്കിലും കാണണ്ടേ? അതോ ഞാന്‍ എവിടെയെങ്കിലും ബിനാമി സ്വത്ത് ഉണ്ടാക്കിയോ? രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ദുര്‍വിനിയോഗം ചെയ്തിട്ടില്ല,' അദ്ദേഹം പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്റെ പരസ്യമായ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണെന്നും ഇതിന്മേല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കുമെന്നും പറഞ്ഞുകൊണ്ട് പാര്‍ട്ടി കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും ജയരാജന്‍ നല്‍കി.