അടങ്ങാത്ത പകയിൽ ആണി തറച്ച മരത്തടി കൊണ്ട് അയൽക്കാരന്റെ തല അടിച്ച് പൊട്ടിച്ചു; നാടിനെ നടുക്കിയ അരുംകൊലയിൽ ശിക്ഷ വിധിച്ച് കോടതി; പ്രതി ഇനി അഞ്ച് വർഷം അഴിയെണ്ണണം
കാസർകോട്: അയൽവാസിയെ ആണി തറച്ച മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. 2022 ജൂലൈ 10-ന് കൂളിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ വെച്ച് നടന്ന സംഭവത്തിലാണ് വിധി. ബാര കൂളിക്കുന്ന് മീത്തൽ മാങ്ങാട്ടിലെ എം. ഹബീബിനാണ് (44) ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സാനു എസ്. പണിക്കർ ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
2022 ജൂലൈ 10-ന് രാവിലെ എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്നാണ് എം. ഹബീബ് അയൽവാസിയായ റഷീദിനെ (42) ആക്രമിച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ആദ്യം മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ, തുടർചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ റഷീദ് മരണപ്പെടുകയായിരുന്നു. മേൽപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടറായിരുന്ന ഉത്തംദാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പി. വേണുഗോപാലൻ ഹാജരായി. ഈ വിധിയിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കപ്പെടുകയാണ്.