സ്‌കോട്ട്‌ലന്‍ഡിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ താരമായി മലയാളി 'മണവാട്ടിയും'; ഫസ്റ്റ് മിനിസ്റ്ററുടെ കയ്യൊപ്പുമായി മലയാളി ബ്രാന്‍ഡ് ലേലത്തില്‍
സ്‌കോട്ട്‌ലന്‍ഡിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ താരമായി മലയാളി 'മണവാട്ടിയും'
എഡിന്‍മ്പ്ര: 2026-ല്‍ നടക്കാനിരിക്കുന്ന സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിന്‍മ്പ്രയില്‍ നടന്ന ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ (എസ് എന്‍ പി) കാന്‍ഡിഡേറ്റ് അഡോപ്ഷന്‍ ആന്‍ഡ് ഫണ്ട് റെയ്‌സിംഗ് കണ്‍വെന്‍ഷനിലാണ് അപ്രതീക്ഷിതമായൊരു 'മലയാളി താരം' ഏവരുടെയും മനം കവര്‍ന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുമൊപ്പം സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ വേദികളില്‍ ഇപ്പോള്‍ പ്രധാന സംസാരവിഷയം 'മണവാട്ടി' എന്ന പേരില്‍ ലേലത്തില്‍ വെച്ച ഒരു മദ്യക്കുപ്പിയാണ്.
എസ്.എന്‍.പി സ്ഥാനാര്‍ത്ഥി മാര്‍ട്ടിന്‍ ഡേയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണാര്‍ത്ഥം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് കൗതുകമുണര്‍ത്തി ഈ സ്‌പെഷ്യല്‍ എഡിഷന്‍ ബോട്ടില്‍ അവതരിപ്പിച്ചത്. സ്‌കോട്ടിഷ് ഭരണത്തലവനായ ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വിന്നിയും മണവാട്ടി വാറ്റിന്റെ ഉടമ ജോണ്‍ സേവ്യറും ചേര്‍ന്ന് ഒപ്പിട്ട ബോട്ടിലാണ് ലേലത്തില്‍ താരമായത്.
സ്‌കോട്ടിഷ് രാഷ്ട്രീയ ചരിത്രത്തിലെ 1970-കള്‍ വരെയുള്ള പഴയൊരു പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്ന അഡോപ്ഷന്‍ നൈറ്റ് എന്ന വേദിയിലായിരുന്നു മലയാളിയുടെ സ്വന്തം ബ്രാന്‍ഡ് ശ്രദ്ധേയമായത്. സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ഔദ്യോഗികമായി ഏറ്റെടുക്കുന്ന പഴയകാല ചടങ്ങ് പുനരാവിഷ്‌കരിച്ചപ്പോള്‍, അതിന് സാക്ഷികളാകാന്‍ സ്‌കോട്ടിഷ് കാബിനറ്റ് മന്ത്രി ഫിയോണ ഹിസ്ലോപ്പ്, മിഷേല്‍ തോംസണ്‍, മുന്‍ ഗതാഗത മന്ത്രി സ്റ്റുവര്‍ട്ട് സ്റ്റീവന്‍സണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നിര തന്നെ എത്തിയിരുന്നു. കൂടാതെ, മുന്‍ എം.പി ഡേവിഡ് ലിന്‍ഡന്‍, കൗണ്‍സിലര്‍മാരായ പോളീന്‍ സ്റ്റാഫോര്‍ഡ്, ഡെന്നിസ് തുടങ്ങി അഞ്ചോളം സ്ഥാനാര്‍ത്ഥികളും ചടങ്ങിന് സാക്ഷിയായി. ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ബ്രിട്ടീഷ് തമിഴ് ഫോറം, കര്‍ണാടക അസോസിയേഷന്‍ യു.കെ പ്രസിഡന്റ്, സാന്‍ ടിവി പ്രതിനിധി രഞ്ജിത്ത് തുടങ്ങിയ ഇന്ത്യന്‍ വംശജരും പങ്കെടുത്തതോടെ വേദി ഇന്ത്യയുടെ ഒരു ചെറിയ പതിപ്പായി മാറി.
അഞ്ച് സംഗീതജ്ഞര്‍ അണിനിരന്ന കലാപരിപാടികളും സ്‌പോണ്‍സര്‍മാര്‍ ഒരുക്കിയ അതിവിപുലമായ വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുടെ ഒപ്പുള്ള 'മണവാട്ടി' സ്വന്തമാക്കാന്‍ വലിയ മത്സരമാണ് നടന്നത്. സ്‌കോട്ടിഷ് രാഷ്ട്രീയത്തിലെ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു നുള്ള് മലയാളിത്തം കലര്‍ത്തി, ഭരണത്തലവന്റെ കൈയ്യൊപ്പുമായി ഈ മലയാളി ബ്രാന്‍ഡ് താരമായത് പ്രവാസി മലയാളികള്‍ക്കും അഭിമാന നിമിഷമായി.
കൊച്ചി കടവന്ത്ര ചിലവന്നൂര്‍ സ്വദേശിയായ ജോണ്‍ സേവ്യര്‍ യു.കെയില്‍ പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം വാറ്റാണ് മണവാട്ടി. കേരളത്തിലെ നാടന്‍ വാറ്റു രീതികള്‍ക്കൊപ്പം ആധുനിക മദ്യ നിര്‍മ്മാണ രീതികളും സംയോജിപ്പിച്ചുകൊണ്ട് ലണ്ടന്‍ ബാരണ്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് യുകെയില്‍ മണവാട്ടി പുറത്തിറക്കിയത്.
