താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കുകയാണെങ്കില്‍ സമരം തുടങ്ങുമെന്ന് പ്രദേശവാസികള്‍; ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

Update: 2025-10-31 14:18 GMT

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാന്റ് തുറക്കുകയാണെങ്കില്‍ സമരം തുടങ്ങുമെന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഫ്രഷ് കട്ട് പ്ലാന്റിന് 300 മീറ്റര്‍ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനില്‍ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടും ഇന്ന് തുറന്നിരുന്നില്ല.

ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവില്‍ പറയുന്നത്. അതേ സമയം ഫാക്ടറി തുറക്കുകയാണെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. ഫാക്ടറി അടച്ചു പൂട്ടും വരേ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡിന്റേയും, ശുചിത്വ മിഷന്റേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് തുറക്കാനുള്ള നടപടി കഴിഞ്ഞ ദിവസം നടത്തിയിരുന്നത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നത് വരെ തുറക്കുന്നില്ല എന്ന നിലപാടാണ് നിലവില്‍ ഉടമകള്‍ സ്വീകരിച്ചിരിക്കുന്നത്.

അതിനിടെ, സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊലീസിന്റെ ഉറപ്പ് നല്‍കി. ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഇന്നലെ വൈകിട്ട് ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മറ്റി യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. ഫ്രഷ് കട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചാണെന്ന റിപ്പോര്‍ട്ടാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോര്‍ഡുംജില്ലാ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സര്‍വ്വകക്ഷി യോഗം വിളിച്ചത്. സമരസമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയുള്ള പൊലീസ് നടപടിക്കെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ വരെ പൊലീസ് രാത്രിയില്‍ പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ മാത്രമേ നടപടി ഉണ്ടാവുകയുള്ളൂവെന്ന് പൊലീസ് ഉറപ്പ് നല്‍കി. രാത്രികാല പരിശോധനയടക്കമുള്ള കാര്യങ്ങളില്‍ ഇളവ് വരുത്തുമെന്നും പൊലീസ് യോഗത്തെ അറിയിച്ചു.

Similar News