വെക്കേഷന് സ്‌കൂളില്‍ ക്ലാസ് എടുക്കുന്നു; വിദ്യാഭ്യാസ മന്ത്രിയുടെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് ഏഴാംക്ലാസുകാരന്‍: ഉടനടി പരാതി പരിഹരിച്ച് മന്ത്രി ശിവന്‍കുട്ടി
വെക്കേഷന് ക്ലാസ് എടുക്കുന്നു; വിദ്യാഭ്യാസ മന്ത്രിയോട് പരാതി പറഞ്ഞ് ഏഴാംക്ലാസുകാരന്‍
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുടെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ കുട്ടിയുടെ പ്രശ്‌നം ഉടനടി പരിഹരിച്ച് മന്ത്രി ശിവന്‍കുട്ടി. വെക്കേഷന് സ്‌കൂളില്‍ ക്ലാസ് എടുക്കുന്നെന്ന പരാതിയാണ് മന്ത്രി ഉടനടി പരിഹരിച്ച് നല്‍കിയത്. തിരുവനന്തപുരത്ത് നിന്നുള്ള വാര്‍ത്താസമ്മേളനത്തിടെയാണ് മന്ത്രി ശിവന്‍കുട്ടിയുടെ ഫോണില്‍ കുട്ടിയുടെ കോള്‍ വരുന്നത്. ''കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി അല്ലേ? ഇത് കോയിക്കോടിന്നാണേ'' ഇങ്ങനെയായിരുന്നു ഫോണ്‍ സംഭാഷണത്തിന്റെ തുടക്കം.
കുട്ടിയുടെ ശബ്ദത്തില്‍ വന്ന ചോദ്യത്തോട് 'വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി' എന്ന് തിരുത്തിയാണ് മന്ത്രി സംഭാഷണം തുടങ്ങിയത്. അവധിക്കാലത്ത് ക്ലാസ് എടുക്കുന്നുവെന്നായിരുന്നു കുട്ടി പരാതി പറഞ്ഞത്. മോന്റെ പേരെന്താ എന്ന് മന്ത്രി. മുഹമ്മദ് ഫര്‍ഹാന്‍ എന്നു മറുപടി. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് വിളിക്കുന്നതായി പറഞ്ഞ ഫര്‍ഹാന്റെ പരാതി കേട്ട മന്ത്രി എവിടെയാണ് ക്ലാസെടുക്കുന്നതെന്ന് ചോദിച്ചു. കീഴ്പയ്യൂര്‍ എയുപി സ്‌കൂളില്‍. അപ്പോഴേക്കും കുട്ടിയുടെ ഫോണ്‍ വിളിയില്‍ അമ്മയുടെ ഇടപെടല്‍. കുറച്ച് സമയമേ ക്ലാസ് എടുക്കുന്നുള്ളൂ എന്നും യുഎസ്എസ് ക്ലാസാണെന്നും അമ്മ വിശദീകരിച്ചു. കുട്ടിയുടെ കയ്യില്‍ ഫോണ്‍ കൊടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളില്‍ എന്റെ പേര് പറയരുതേ എന്ന് കുട്ടി മന്ത്രിയോട്. മോന്റെ പേരു പറയുന്ന പ്രശ്‌നമേയില്ല. എന്നാല്‍ അവധി ദിവസങ്ങളില്‍ ക്ലാസെടുക്കേണ്ട എന്നു മന്ത്രി പറഞ്ഞതായി സ്‌കൂളില്‍ പറയണമെന്നും മന്ത്രി പറഞ്ഞു.
ഈ സമയം കളിക്കേണ്ട സമയമാണെന്നും എപ്പോഴും ട്യൂഷനെടുത്ത് പഠിപ്പിക്കേണ്ട കാര്യമില്ലെന്നും കുട്ടിയുടെ അമ്മയോട് മന്ത്രി സൂചിപ്പിച്ചു. കുട്ടികള്‍ പഠിക്കേണ്ട സമയത്ത് പഠിക്കുകയും കളിക്കേണ്ട സമയത്ത് കളിക്കുകയും വേണമെന്ന് ഓര്‍മിപ്പിച്ചാണ് മന്ത്രി കോള്‍ അവസാനിപ്പിച്ചത്. മന്ത്രിക്ക് താങ്ക്‌സ് പറഞ്ഞാണ് മുഹമ്മദ് ഫര്‍ഹാന്‍ കോള്‍ അവസാനിപ്പിച്ചത്.