പുത്തന്‍ കാറില്‍ രഹസ്യ അറയുണ്ടാക്കി 80 ലക്ഷത്തിന്റെ കുഴല്‍പ്പണം കടത്താന്‍ ശ്രമം; മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്

80 ലക്ഷത്തിന്റെ കുഴല്‍പ്പണം കടത്താന്‍ ശ്രമം; യുവാക്കള്‍ക്കെതിരെ കേസ്

Update: 2025-11-01 01:30 GMT

കണ്ണൂര്‍: പരിയാരത്ത് 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി പോലിസ്. പുത്തന്‍ കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച പണമാണ് പോലിസ് പരിശോധനയില്‍ പിടിച്ചെടുത്തത്. പണം പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി. കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. പുഷ്പഗിരി നഹലാസില്‍ നാസിഫ് (22), അമ്മംകുളം ഷംനാസില്‍ മുഹമ്മദ് ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീല്‍ (38) എന്നിവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് െേകസടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പണം പിടികൂടാനിടയാക്കിയ സംഭവം. പുത്തന്‍ ആഡംബര കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘം ദേശീയപാതയില്‍ പിലാത്തറയിലെ വനിതാ ഹോട്ടലിനു സമീപത്ത് വെച്ച് വഴക്കുണ്ടാക്കുകയും തമ്മില്‍ തല്ലുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഇവര്‍ സഞ്ചരിച്ച ആഡംബര കാറിന്റെ ചില്ല് തകര്‍ന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വര്‍ക്ക്‌ഷോപ്പുകാരനെ കൊണ്ടുവന്ന് കാര്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ മറ്റൊരു മെക്കാനിക്കിനെ കൊണ്ടുവന്ന് വീണ്ടും വിശദമായി പരിശോധിച്ചപ്പോള്‍ ഹാന്‍ഡ് ബ്രേക്കിന്റെ അടുത്തായി രഹസ്യ അറ കണ്ടെത്തി. ഈ അറയ്ക്കുള്ളില്‍ 100, 200, 500 രൂപ നോട്ടുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്. 80 ലക്ഷം രൂപയുടെ നോട്ടുകളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഴല്‍പ്പണമാണെന്ന് വ്യക്തമായത്.

Tags:    

Similar News