പേരാമ്പ്ര സംഘര്‍ഷം: പൊലീസ് സ്റ്റേഷനില്‍ വാക്കേറ്റവും കയ്യാങ്കളിയും; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്; യുഡിഎഫ് ജില്ല പഞ്ചായത്തംഗമടക്കം കസ്റ്റഡിയില്‍

Update: 2025-11-01 07:56 GMT

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി സെക്രട്ടറി വി. പി ദുല്‍ഖീഫില്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവര്‍ത്തകരെ ഇന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പ്രവര്‍ത്തകര്‍ കാണാനെത്തുന്ന സമയത്ത് സ്റ്റേഷനുള്ളില്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരുണ്ടായിരുന്നു. സ്റ്റേഷനകത്തേക്ക് കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ദുല്‍ഖിഫിലും പൊലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുഡിഎഫ് പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് പൊലീസ് അറിയിച്ചു.

Similar News