ബിരിയാണിക്കടയിൽ ജോലി തേടി വന്നു, ഉടമയുടെ വിശ്വാസം പിടിച്ചുപറ്റി; തക്കം നോക്കി പണവും ഫോണുമായി മുങ്ങി; പിടിയിലായത് കാപ്പ കേസ് പ്രതി നജ്മുദ്ദീൻ
നൂറനാട്: ആലപ്പുഴയിൽ ബിരിയാണി കടയിൽനിന്ന് 75,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ കാപ്പ പ്രതിയുമായ നജ്മുദ്ദീനെ(36) ആണ് പോലീസ് പിടികൂടിയത്. കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഇന്നലെ പുലർച്ചെ നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. നൂറനാട് ആദിക്കാട്ടുകുളങ്ങരയിലെ ഒരു ബിരിയാണി കടയിലാണ് കവർച്ച നടന്നത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവാണ് നജ്മുദ്ദീൻ.
ബിരിയാണി കടയിൽ സെയിൽസ്മാനായി ജോലിക്ക് കയറി ഉടമയുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് നജ്മുദ്ദീൻ മോഷണം നടത്തിയത്. കഴിഞ്ഞ മാസം 23-നാണ് ഇയാൾ കടയിൽ ജോലിക്ക് പ്രവേശിച്ചത്. ദിവസങ്ങൾക്കുള്ളിൽ വിശ്വാസം നേടിയെടുത്ത പ്രതി, കടയുടെ കൗണ്ടറിലെ മേശ തന്ത്രപൂർവം തുറന്ന് 75,000 രൂപയും 30,000 രൂപ വിലമതിക്കുന്ന സാംസങ് മൊബൈൽ ഫോണും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഉടമയുടെ പരാതിയെത്തുടർന്ന് നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സ്വദേശമായ വിഴിഞ്ഞം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കാപ്പ പ്രകാരം തിരുവനന്തപുരം ജില്ലയിൽനിന്ന് നാടുകടത്തപ്പെട്ട ആളാണെന്നും വിവിധ ജില്ലകളിലായി ഏഴോളം മോഷണക്കേസുകളിൽ പ്രതിയാണെന്നും വ്യക്തമായി. അറസ്റ്റിലായ നജ്മുദ്ദീനെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.