കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ദ്ധന; പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു; ഫീസ് ഗണ്യമായി കുറയ്ക്കും; വിദ്യാര്‍ഥികള്‍ക്ക് ഭാരമാകാത്ത ഫീസ് സംവിധാനം ഉറപ്പാക്കണമെന്ന് മന്ത്രി പി പ്രസാദിന്റെ നിര്‍ദ്ദേശം
കാര്‍ഷിക സര്‍വകലാശാല ഫീസ് ഗണ്യമായി കുറയ്ക്കും
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമായ വാര്‍ത്ത. അടുത്തിടെ ഉയര്‍ത്തിയ ഫീസ് ഘടനയില്‍ ഗണ്യമായ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക ഭാരമാകാത്ത രീതിയിലുള്ള ഫീസ് സംവിധാനം ഉറപ്പാക്കണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍ദേശം നല്‍കി. യുജി കോഴ്സുകള്‍ക്ക് 50 ശതമാനവും പിജി കോഴ്സുകള്‍ക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്.
സര്‍വകലാശാലയിലെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫീസ് കുറയ്ക്കാനുള്ള അന്തിമ തീരുമാനം ഉടന്‍ ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എടുക്കുമെന്നും, ഇതിനായി അടിയന്തരമായി യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കം കാരണം ആര്‍ക്കും പഠനാവസരം നഷ്ടപ്പെടരുതെന്നും, സാധ്യമായ എല്ലാ സഹായങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പ്രഖ്യാപിച്ച ഫീസ് വര്‍ധനവ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചു. ഫീസ് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥി പങ്കുവെച്ച വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഈ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെയും ധനവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.