ഇടിയുടെ ശബ്ദം പോലെ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദവും കുലുക്കവും; നാട്ടുകാര്‍ ഭീതിയില്‍; കാരണമറിയാന്‍ എക്കലില്‍ ഇന്ന് വിദഗ്ധ പരിശോധന

Update: 2025-11-04 04:43 GMT

കോഴിക്കോട്: കോഴിക്കോട് മരുതോങ്കര എക്കലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദവും കുലുക്കവും അനുഭവപ്പെട്ട സ്ഥലത്ത് ഇന്ന് ഭൗമശാസ്ത്ര വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധന നടത്തും. ഇടിയുടെ ശബ്ദം പോലെ വലിയ ശബ്ദവും ഒപ്പം തന്നെ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും അനുഭവപ്പെടുകയായിരുന്നു. ശബ്ദമുണ്ടായതിന്റെ കാരണമടക്കം അറിയുന്നതിനായാണ് പരിശോധന.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വലിയ ശബ്ദവും കുലുക്കവും ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞിരുന്നത്. എക്കലിന്റെ സമീപപ്രദേശങ്ങളിലും ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത പഞ്ചായത്തായ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിതോട്ടിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റവന്യു - പഞ്ചായത്ത് അധികൃതര്‍ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Similar News