'തലയില്‍ ക്യാമറയുണ്ട്; പുറത്ത് പറഞ്ഞാല്‍ അത് ഞങ്ങള്‍ അറിയും'; പതിനൊന്നുകാരി മദ്യം നല്‍കി പീഡിപ്പിച്ച രണ്ടാനച്ഛന് കൂട്ട് നിന്ന് അമ്മ; ഇരുവര്‍ക്കും 180 വര്‍ഷം കഠിന തടവ്

Update: 2025-11-04 07:59 GMT

മലപ്പുറം: മദ്യം നല്‍കി പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും കൂട്ട് നിന്ന കുട്ടിയുടെ അമ്മയ്ക്കും 180 വര്‍ഷം കഠിന തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശി ആയ യുവതിയെയും പാലക്കാട് സ്വദേശി ആയ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.കഠിനതടവിന് പുറമെ 11,75,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ജഡ്ജി എ.എം. അഷ്റഫാണ് ശിക്ഷ വിധിച്ചത്.

2019 മുതല്‍ 2021 വരെയുള്ള രണ്ട് വര്‍ഷകാലം പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഐ.പി.സി പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചേര്‍ത്താണ് ശിക്ഷ.ശിക്ഷയില്‍ യാതൊരു തരത്തിലുള്ള ഇളവുകളും നല്‍കേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോമസുന്ദരന്‍ ഹാജരായി.

തലയില്‍ ക്യാമറ ഉണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാല്‍ അത് ഞങ്ങള്‍ അറിയുമെന്നും പറഞ്ഞുകൊണ്ട് കുട്ടിയെ ഇവര്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. 2019 ലാണ് തിരുവനന്തപുരം സ്വദേശി ആയ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്.

കുട്ടിയെ കാണണമെന്ന് ആവശ്യപെട്ട് 2021ല്‍ മുത്തശന്‍ പോലീസിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. കുട്ടിയെ കാണാന്‍ അനുവദിക്കില്ലെന്ന് അമ്മ വാശി പിടിച്ചതോടെ തര്‍ക്കമായി. ഇതോടെ കുട്ടിയെ CWC ഏറ്റെടുത്തു. തുടര്‍ന്ന് സ്‌നേഹിതയില്‍ പാര്‍പ്പിച്ചപ്പോഴാണ് കുട്ടി ദുരനുഭവങ്ങള്‍ തുറന്ന പറഞ്ഞത്.

മലപ്പുറം വനിതാ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. കുട്ടിയ്ക്ക് പലപ്പോഴായും ഭക്ഷണം പോലും നല്കിയിരുന്നില്ലെന്നും മര്‍ദിക്കാറുണ്ടായിരുന്നുവെന്നും അയല്‍വാസികളും മൊഴി നല്‍കിയിരുന്നു. നിലവില്‍ രണ്ടാനച്ഛനും അമ്മയും ജയിലില്‍ കഴിയുകയാണ്.

Similar News