കാരവന്‍ പാര്‍ക്കും റോപ് വേയും സോളാര്‍ ബോട്ടും: പഴശ്ശി -പടിയൂര്‍ പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിന് 2.38 കോടി അനുവദിച്ച് ടൂറിസം വകുപ്പ്

Update: 2025-11-05 06:22 GMT

കണ്ണൂര്‍: ഇരിട്ടി പഴശ്ശി-പടിയൂര്‍ ഇക്കോ പ്ലാനറ്റിലെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,38,69,335 രൂപയുടെ ഭരണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. മരാമത്ത് പണികള്‍, ചെടികളും മരങ്ങളും നടല്‍ , വാട്ടര്‍ സപ്ലൈ, കുട്ടികളുടെ കളി ഉപകരണങ്ങള്‍, വൈദ്യുതീകരണം തുടങ്ങിയവയാണ് ഈ തുക വിനിയോഗിക്കുക.

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉല്ലാസവേളകള്‍ ചെലവഴിക്കുന്നതിന് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകാന്‍ പോകുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണമായി പാര്‍ക്കിനെ മാറ്റുകയാണ് ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു.

കാരവന്‍ പാര്‍ക്കും റോപ് വേയും, സോളാര്‍ ബോട്ടും അടക്കമുള്ള വന്‍ ടൂറിസം പദ്ധതികളാണ് ഇക്കോ പ്ലാനറ്റിനെ കാത്തിരിക്കുന്നത്. ഇക്കോ പ്ലാനറ്റിലെ 5.66 കോടി രൂപയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രണ്ടാംഘട്ട വികസനം പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ സംസ്ഥാന ടൂറിസം വകുപ്പിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തുക അനുവദിച്ചത്.

Similar News