അമ്പലത്തിലെ ഭണ്ഡാരവും മോഷ്ടിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Update: 2025-11-06 14:25 GMT

കോഴിക്കോട്: കാപ്പ നിയമം ലംഘിച്ച കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിരവധി ക്രിമിനല്‍ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ കോഴിക്കോട് കരുവിശ്ശേരി സ്വദേശി ജോഷിത്ത് (30) ആണ് ജയിലിലായത്. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ജോഷിത്തിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

മാവൂര്‍, കാക്കൂര്‍, അത്തോളി, ബാലുശ്ശേരി, കുന്നമംഗലം, നടക്കാവ്, നല്ലളം, കൊണ്ടോട്ടി, തളിപ്പറമ്പ് സ്റ്റേഷനുകളില്‍ ജോഷിത്തിനെതിരെ കേസുകളുണ്ട്. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ കാപ്പ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്.

എന്നാല്‍ ഇതിന് ശേഷം ജോഷിത്ത് തലശ്ശേരി മഞ്ഞോടിയിലെ അമ്പലത്തിന്റെ ഭണ്ഡാരം കവര്‍ച്ച ചെയ്തു. തുടര്‍ന്ന് കാപ്പ നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ചേവായൂര്‍ ഇന്‍സ്പെക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ കലക്ടറാണ് തടവിലിടാന്‍ ഉത്തരവിട്ടത്.

Similar News