രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങി; തിരച്ചിലിൽ റോഡിലെ കുഴിയിൽ ദാരുണ കാഴ്ച; വടകരയിൽ വയോധികന് ദാരുണാന്ത്യം

Update: 2025-12-29 06:51 GMT

കോഴിക്കോട്: വടകര വില്യാപ്പിള്ളിയിൽ റോഡരികിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് 55 വയസ്സുകാരൻ ദാരുണമായി മരിച്ചു. വില്യാപ്പിള്ളി സ്വദേശി മൂസയാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തിൽ മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറുമണിയോടെ വീട്ടിൽനിന്നിറങ്ങിയ മൂസയെ രാത്രിയായിട്ടും കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് രാത്രി പതിനൊന്നുമണിയോടെ മൃതദേഹം കലുങ്കിനായി കുഴിച്ച കുഴിയിൽ കണ്ടെത്തിയത്.

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി മടങ്ങിവരുമ്പോഴാണ് മൂസ അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. അദ്ദേഹത്തിന്റെ ചെരിപ്പുകളും കടയിൽനിന്ന് വാങ്ങിയ ബിസ്കറ്റ് അടക്കമുള്ള സാധനങ്ങളും കുഴിയിൽനിന്ന് കണ്ടെത്തിയിരുന്നു.

റോഡിൽ കലുങ്ക് നിർമിക്കുന്ന കരാറുകാർ അപകടശേഷമാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മതിയായ സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് റോഡരികിൽ കുഴിയെടുത്തതെന്ന ആരോപണവും ശക്തമാണ്. അനാസ്ഥ ഒരു ജീവൻ അപഹരിച്ച ഈ സംഭവം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Tags:    

Similar News