സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയി; പുതിയ പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി സുഖ ജീവിതം; 25 വര്‍ഷത്തിന് ശേഷം മുത്തു കുമാറിനെ കുടുക്കി കേരളാ പോലിസ്

25 വർഷം ഒളിവിൽ; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

Update: 2025-11-07 02:19 GMT

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. തിരുവനന്തപുരം കരമനയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകനാണ് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസിന്റെ വലയിലായത്. 'സാം' എന്ന പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി സുഖ ജീവിതം നയിക്കുന്നതിനിടെയാണ് കരമന സ്വദേശിയായ മുത്തുകുമാര്‍ പിടിയിലായത്. 2000ത്തില്‍ നടന്ന പീഡന കേസില്‍ അറസ്റ്റ്ിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ മുത്തുകുമാര്‍ നാട് വിടുകയായിരുന്നു.

രണ്ട് വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിച്ച മുത്തുകുമാറിനെ, നീണ്ട 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഫോണ്‍ കോള്‍ വഴിയാണ് പോലീസ് വലയിലാക്കിയത്. തിരുവനന്തപുരം നഗരത്തിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്നു കരമന ഇളമണ്‍കര സ്വദേശിയായ മുത്തുകുമാര്‍. സ്‌കൂളില്‍ നിന്നും പെണ്‍കുട്ടിയെ വിളിച്ചിറക്കിയ ഇയാള്‍, വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് എത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയും മുത്തുകുമാറിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

വീട്ടുകാര്‍ എത്തുമ്പോള്‍ മുത്തുകുമാര്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. നാട്ടുകാരാണ് വഴിയില്‍ വെച്ച് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോവുക ആിയിരുന്നു. കേരളത്തിന് പുറത്ത് പലയിടത്തും കറങ്ങി ചെന്നൈയിലെ അയണവാരം എന്ന സ്ഥലത്ത് സ്ഥിര താമസമാക്കി. സാം എന്ന പേരില്‍ മതം മാറി പാസ്റ്ററായി. രണ്ട് വിവാഹവും കഴിച്ചു.

സ്വന്തമായി മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകളില്‍ എത്തിയായിരുന്നു അത്യാവശ്യ ഫോണ്‍ കോളുകള്‍ ചെയ്തിരുന്നത്. അടുത്തിടെ ഒരു ബന്ധുവിന് ലഭിച്ച ഫോണ്‍വിളിയുടെ പിറകെ നടത്തിയ അന്വേഷണമാണ് പ്രതിയുടെ താവളം കണ്ടെത്താന്‍ സഹായിച്ചത്.വഞ്ചിയൂര്‍ എസ് എച്ച് ഓ എച്ച് എസ് ഷാനിഫ്,എസ് ഐ അലക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Tags:    

Similar News