കാറിലെത്തിയ സംഘം വീടിന് നേരെ വെടിയുതിര്‍ത്തെന്ന് പതിനാലുകാരന്‍; സിസിടിവി ദൃശ്യങ്ങള്‍ കുരുക്കായി; പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ട്വിസ്റ്റ്‌

Update: 2025-11-10 11:24 GMT

കാസര്‍കോട്: ഉപ്പളയില്‍ സ്വന്തം വീടിന് നേരെ വെടിയുതിര്‍ത്ത പതിനാലുകാരന്‍ പിടിയില്‍. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പിതാവിന്റെ എയര്‍ ഗണ്‍ എടുത്ത് വെടിവയ്ക്കുകയായിരുന്നു. വെടിവയ്ക്കാനുപയോഗിച്ച എയര്‍ഗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. സിസിടിവി പരിശോധിച്ച പൊലീസിന് സംഭവ സമയത്ത് കാര്‍ വന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ ദുരൂഹത തോന്നിയതോടെ കുട്ടിയെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തതോടെയാണ് യാഥാര്‍ത്ഥ്യം കണ്ടെത്തിയത്.

വെടിവയ്പ്പുണ്ടായ സമയത്ത് പതിനാലുകാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റു രണ്ടു മക്കളും പുറത്തു പോയിരുന്നു. വെടിവയ്പ്പുണ്ടായെന്ന കാര്യം കുട്ടിയാണ് മറ്റുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. പിന്നാടാണ് വെടിയുതിര്‍ത്തത് കുട്ടി തന്നെയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ എന്തിനാണ് വെടിവച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. തുടര്‍ നടപടികളെക്കുറിച്ച് പൊലീസ് ആലോചിക്കുകയാണ്.

ഉപ്പള ദേശീയപാതയ്ക്കു സമീപം ഹിദായത്ത് ബസാറില്‍ പ്രവാസിയുെട വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പുണ്ടായത്. മുകള്‍നിലയില്‍ ബാല്‍ക്കണിയിലെ ചില്ലു തകര്‍ന്നു. 5 പെല്ലറ്റുകള്‍ ബാല്‍ക്കണിയില്‍നിന്നു കണ്ടെടുത്തു. ശബ്ദംകേട്ടു നോക്കിയപ്പോള്‍ കാറിലെത്തിയവരെ കണ്ടെന്നും നാലുപേരാണു കാറിലുണ്ടായിരുന്നതെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്ന് പൊലീസ് കണ്ടെത്തി.

Similar News