കൊച്ചി കോര്‍പറേഷന്‍ സീറ്റ് വിഭജനത്തില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം; ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു; ഹിജാബ് വിവാദം ഉണ്ടായ സ്‌കൂളിലെ പിടിഎ പ്രസിഡന്റും സ്ഥാനാര്‍ഥി
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നു. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയില്ലെന്നാണ് പരാതി. 7 സീറ്റുകളിലാണ് തര്‍ക്കം. സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുമെന്ന് ബിഡിജെഎസ് നേതൃത്വം പ്രതികരിച്ചു. അതേസമയം, ഹിജാബ് വിവാദം ഉണ്ടായ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. പള്ളുരുത്തി കച്ചേരിപ്പടിയിലാണ് ജോഷി കൈതവളപ്പില്‍ മത്സരിക്കുന്നത്.
കഴിഞ്ഞ തവണ പതിനെട്ട് ഡിവിഷനില്‍ മത്സരിച്ച ബിഡിജെഎസിന് ഇക്കുറി പതിനൊന്നുസീറ്റാണ് നല്‍കാമെന്ന് ബിജെപി ഏറ്റിട്ടുള്ളത്. അതില്‍ത്തന്നെ കഴിഞ്ഞ തവണ മത്സരിച്ച കടവന്ത്ര, പൊന്നുരുന്നി സീറ്റുകള്‍ നിഷേധിച്ചത് ബിഡിജെഎസിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിനും ആവശ്യപ്പെട്ട രണ്ടുസീറ്റുകള്‍ നല്‍കിയിട്ടില്ല.
. അതേസമയം, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്യാമള എസ് പ്രഭു സീറ്റില്ല. ശ്യാമളക്ക് പകരം ചെറളായി ഡിവിഷനില്‍ പുതുമുഖം പ്രവിത ഇ എസ് മത്സരിക്കുമെന്ന് ധാരണയായി. ബിജെപി സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ശ്യാമള അറിയിച്ചു. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലരുടെ ഇടപെടലിലാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് ശ്യാമള ആരോപിക്കുന്നു.
ബിജെപി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്നാണ് തുടര്‍ച്ചയായി 32 വര്‍ഷം ചെറളായി ഡിവിഷനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായ ശ്യാമള എസ് പ്രഭു പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്കെതിരെ നേരത്തെ വിമതനീക്കം നടത്തിയവരെ ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ഥികളാക്കാന്‍ നീക്കം നടത്തുന്നു, പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നിവയാണ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ശ്യാമളയുടെ പരാതി. 1988 മുതല്‍ ശ്യാമള എസ് പ്രഭുവില്ലാതെ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക കൊച്ചി നഗരസഭാ തിരഞ്ഞെടുപ്പിലുണ്ടായിട്ടില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശ പ്രകാരം പി.ആര്‍ ശിവശങ്കരന്‍ അടക്കം നേതാക്കള്‍ ശ്യാമളയെ വീട്ടിലെത്തി കണ്ടു. മട്ടാഞ്ചേരിയില്‍ ചേരിപ്പോര് രൂക്ഷമാണ്. അമരാവതിയിലും ചെറളായിയിലുമാണ് മട്ടാഞ്ചേരി,ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ബിജെപിക്ക് കൗണ്‍സിലര്‍മാരുള്ളത്. മുതിര്‍ന്ന പ്രവര്‍ത്തകനായ ആര്‍ സതീഷ് ബിജെപി മട്ടാഞ്ചേരി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചിരുന്നു.
