കേരള എക്‌സ്പ്രസില്‍ മദ്യലഹരിയില്‍ വീണ്ടും അതിക്രമം; സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി

Update: 2025-11-12 16:35 GMT

കോട്ടയം: കേരള എക്‌സ്പ്രസില്‍ മദ്യലഹരിയില്‍ വീണ്ടും അതിക്രമം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറി. ബുധനാഴ്ച വൈകീട്ട് ചങ്ങനാശ്ശേരിയില്‍വെച്ചായിരുന്നു സംഭവം.

ട്രെയിന്‍ കോട്ടയം സ്റ്റേഷന്‍ വിട്ടതിന് പിന്നാലെയാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. ഇതോടെ സ്ത്രീകള്‍ ഒഴിഞ്ഞുമാറിയെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. ഇയാളുടെ ഷര്‍ട്ട് അഴിച്ചെടുത്ത് ഇതുകൊണ്ട് കൈകള്‍ കെട്ടിയിട്ടു. ഇതിനിടെ ഇയാള്‍ കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയും നിലത്ത് കിടത്തുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ പ്രതിയെ റെയില്‍വേ പോലീസിന് കൈമാറി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വര്‍ക്കലയില്‍ മദ്യപനായ യാത്രക്കാരന്‍ ട്രെയിനില്‍നിന്ന് യുവതിയെ ചവിട്ടിത്തള്ളിയിട്ടത്. ഈ സംഭവമുണ്ടായതും കേരള എക്സ്പ്രസിലായിരുന്നു. ഇതിനുശേഷം ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മദ്യപിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ രക്ഷിത' എന്ന പേരില്‍ പോലീസും ആര്‍പിഎഫും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേരള എക്സ്പ്രസില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരേ അതിക്രമമുണ്ടായിരിക്കുന്നത്.

Similar News