ഗള്‍ഫിലേക്ക് വിസ വാഗ്ദാനം ചെയ്ത് 17 പവന്‍ സ്വര്‍ണവും ഐഫോണും തട്ടിയെടുത്തു; സംസാരശേഷി ഇല്ലാത്ത ദമ്പതികളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍
വീസ നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 17 പവനും ഐഫോണും
തൃശൂര്‍: വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ച് 17 പവനും ഒരു ഐഫോണും തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സംസാരശേഷിയില്ലാത്ത തിരൂര്‍ പെരിന്തല്ലൂര്‍ സ്വദേശി റാഷിദിനെ (25) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. ഗള്‍ഫിലേക്ക് വിസ വാഗ്ദാനം ചെയ്താണ് ഇയാള്‍ ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത്.
ദമ്പതികളില്‍ ഭാര്യയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്നുണ്ടായ അടുപ്പം മുതലെടുത്ത് ഭര്‍ത്താവിന് ഗള്‍ഫിലേക്ക് വീസ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയുമായിരുന്നു. കുന്നംകുളത്ത് വരുത്തി ഏതാനും പേപ്പറുകളില്‍ ഒപ്പിടീപ്പിച്ച ശേഷം സ്വര്‍ണവും ഫോണും റാഷിദ് കൈക്കലാക്കുകയായിരുന്നു. പിന്നീട് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെയാണ് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയത്.
പോലിസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തു നിന്നാണ് റാഷിദിനെ പിടികൂടിയത്. ചാലിശേരിയില്‍ സമാനമായ രീതിയില്‍ ഒരാളില്‍നിന്ന് ആറു പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലും റാഷിദ് പ്രതിയാണ്.