അനുജത്തിക്കൊപ്പം ഉറങ്ങാന്‍കിടന്ന പതിനാലുകാരിയെ പീഡിപ്പിച്ചു; പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍
പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
തിരുവല്ല: അനുജത്തിക്കൊപ്പം ഉറങ്ങാന്‍കിടന്ന പതിനാലുകാരിയെ പീഡിപ്പിച്ച പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കള്‍ ജോലിക്കായി പുറത്തുപോയ സമയത്താണ് പീഡനം. മാള്‍ഡ ജില്ലയിലെ ഗംഗാരാംപുര്‍ സ്വദേശികളായ ജയന്തോറോയ്(22), ചേരുറോയ്(35) എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി അച്ഛനമ്മമാര്‍ക്കൊപ്പം കഴിഞ്ഞിരുന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഇവരുടെ വാടകവീടിന്റെ വശത്തുള്ള ഭാഗത്താണ് ചേരുറോയ് താമസിക്കുന്നത്. മുകള്‍നിലയിലും ബംഗാളില്‍നിന്നുള്ള താമസക്കാരുണ്ട്. തിങ്കളാഴ്ച വൈകീട്ട് പെണ്‍കുട്ടി തുണിയെടുക്കുന്നതിനായി വീടിന് പുറത്തേക്ക് പോയപ്പോള്‍ പ്രതികള്‍ വീടിനുള്ളില്‍ കടന്നതായി പോലീസ് പറഞ്ഞു. തിരിച്ചുവന്ന പെണ്‍കുട്ടി ഒന്നരവയസ്സുള്ള സഹോദരിക്കൊപ്പം ഉറങ്ങാന്‍കിടന്നു. ഈസമയം ജയന്തോറോയ് പീഡിപ്പിക്കുകയായിരുന്നു. പേടിച്ചുനിലവിളിച്ച അനുജത്തിയുടെ വാപൊത്തിപ്പിടിച്ചു.
പിന്നീട് ചേരുറോയ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ഇയാളെ തള്ളിയിട്ട് മുകള്‍നിലയിലേക്ക് ഓടിപ്പോയി. അവിടെയുള്ളവര്‍ ഉടനെത്തി. ജയന്തോ റോയിയെ അവര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് പോലീസ് എത്തി. നാട്ടുകാര്‍ ചേര്‍ന്നാണ് സമീപത്ത് ഒളിച്ചിരുന്ന ചേരുറോയിയെ കണ്ടെത്തിയത്. കുട്ടികളുടെ കുടുംബം ഒരുമാസംമുമ്പാണ് ഇവിടെ ജോലിക്ക് എത്തിയത്. ജയന്തോ റോയ് തിരുമൂലപുരത്താണ് വാടകയ്ക്കുതാമസിക്കുന്നത്.