മട്ടന്നൂരില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞു വീണു; 53 കാരന്‍ ജോലി സമ്മര്‍ദ്ദം കാരണം അവശതയില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍

മട്ടന്നൂരില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞു വീണു

Update: 2025-11-22 18:14 GMT

മട്ടന്നൂര്‍: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍ കുഴഞ്ഞുവീണു. വോട്ടര്‍ പട്ടിക തീവ്ര പുന:പരിശോധന ചുമതലയിലുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ കുറ്റിക്കര സ്വദേശി വലിയ വീട്ടില്‍ രാമചന്ദ്രനാണ്(53)കുഴഞ്ഞു വീണത്. ഇന്ന് ഉച്ചയോടെ കീഴല്ലൂര്‍ യുപി സ്‌കൂളില്‍ നടന്ന എസ്‌ഐആര്‍ ക്യാമ്പിന് ശേഷം മകനുമായി വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം.

ഉടന്‍ തന്നെ ബന്ധുക്കളും മറ്റും ചേര്‍ന്ന് അഞ്ചരക്കണ്ടിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ രാമചന്ദ്രന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശാരിരീക അവശതയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡിഡിഇ ഓഫീസിലെ പിഎഫ് വിഭാഗത്തില്‍ ക്ലര്‍ക്കാണ് രാമചന്ദ്രന്‍.

കീഴല്ലൂര്‍ പഞ്ചായത്തിലെ 81ാം ബൂത്തിന്റെ ബൂത്ത് ലെവല്‍ ഓഫീസറാണ്. 356 ഓളം വീടുകള്‍ ഉള്‍ക്കൊളളുന്ന 1296 വോട്ടര്‍മാരുള്ള പട്ടികയാണ് രാമചന്ദ്രന് പൂര്‍ത്തിയാക്കേണ്ടത്. പൂര്‍ത്തിയാക്കേണ്ട ദിവസം അടുക്കും തോറും രാമചന്ദ്രന്‍ സമ്മര്‍ദ്ദത്തിലാവുന്നത് കണ്ടിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Tags:    

Similar News