കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; രണ്ട് കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി സ്ത്രീ അടക്കം നാലു പേര്‍ പിടിയില്‍
കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട
കൊച്ചി: കൊച്ചിയില്‍ ഞായറാഴ്ച രാത്രി വന്‍ ലഹരിമരുന്ന് വേട്ട. രണ്ടുകോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി സ്ത്രീ അടക്കം നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി മട്ടമ്മലിലെ ലോഡ്ജില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ രണ്ടു കോടിയിലേറെ വില വരുന്ന ലഹരി മരുന്നാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ലഹരി മരുന്ന് കൊണ്ടുവന്ന രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാന്‍ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.
ഒഡിഷ സ്വദേശികളായ സമരമുതലി, സുനമണി എന്നിവരാണ് ആന്ധ്രയില്‍ നിന്നും ഹാഷിഷ് ഓയില്‍ കൊണ്ടുവന്നത്. കേരളത്തില്‍ വില്‍പന നടത്തുന്നതിനായാണ് കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ അശ്വിന്‍ ജോയ്, ശ്രീരാജ് എന്നിവര്‍ ഇത് വാങ്ങാന്‍ എത്തിയത്. ഈ സമയത്താണ് സംഘം എക്‌സൈസിന്റെ വലയിലാകുന്നത്. ലഹരി വാങ്ങുന്നതിനായി കൊച്ചി സ്വദേശികളെ അയച്ച സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.
ഇത് ആദ്യമായല്ല ഇവര്‍ ലഹരിഇടപാടിനായി എത്തുന്നത് എന്നാണ് വിവരം. പിടികൂടിയവരുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ചതില്‍ നിന്നും നേരത്തെയും പലതവണ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമായി.