അരുവിയില്‍ വെള്ളംകുടിക്കാന്‍ പോകുന്നതിനിടെ കാല്‍വഴുതി വീണു; ആനമല കടുവസങ്കേതത്തില്‍ വിട്ട റോളക്സ് കാട്ടാന ചരിഞ്ഞു

ആനമല കടുവസങ്കേതത്തില്‍ വിട്ട റോളക്സ് കാട്ടാന ചരിഞ്ഞു

Update: 2025-11-27 02:49 GMT

വാല്‍പ്പാറ: ആനമല കടുവസങ്കേതത്തില്‍ വിട്ട റോളക്സ് കാട്ടാന കാട്ടരുവിക്കുസമീപം വീഴ്ചയെത്തുടര്‍ന്ന് ചരിഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്ക് മാനാമ്പള്ളി റേഞ്ച് പരിധിയില്‍വരുന്ന മന്ത്രിമട്ടത്തിന് സമീപം സിരുപുളികന്‍ അരുവിയില്‍ വെള്ളംകുടിക്കാന്‍ പോകുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി നോക്കിയപ്പോള്‍ ആന ചരിഞ്ഞ നിലയിലായിരുന്നു.

റേഡിയോകോളര്‍ ഘടിപ്പിച്ച് നിരീക്ഷണത്തിലായിരുന്ന ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കടുവസങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ വെങ്കിടേഷ് അറിയിച്ചു. 11.45വരെ ആന കൃത്യമായ നിരീക്ഷണത്തിലായിരുന്നു. ആന ചരിഞ്ഞ വിവരമറിഞ്ഞ ഉടന്‍തന്നെ റേഞ്ച് ഓഫീസറും സംഘവുമെത്തി.

സംഭവത്തില്‍ എപിസിസിഎഫ് വേണു പ്രസാദിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആനയുടെ പോസ്റ്റ് മോര്‍ട്ടം വ്യാഴാഴ്ച നടക്കും. കോയമ്പത്തൂര്‍ തൊണ്ടാമുത്തൂര്‍ മേഖലയില്‍നിന്ന് പിടികൂടിയ ആനയെ ആനമല കടുവസങ്കേതത്തില്‍ വിടുകയായിരുന്നു.

Tags:    

Similar News