ഭൂമിയുടെ ന്യായവില സംബന്ധിച്ച ഉത്തരവ് പാലിച്ചില്ല; ഭൂവുടമയ്ക്ക് മുന്‍ റവന്യൂ സെക്രട്ടറി അരലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതി

ഭൂവുടമയ്ക്ക് മുന്‍ റവന്യൂ സെക്രട്ടറി അരലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതി

Update: 2025-12-03 03:05 GMT

കോട്ടയം: പാലാ ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നത് സംബന്ധിച്ച പരാതി പരിഗണിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഭൂവുടമയ്ക്ക് അരലക്ഷം രൂപ ചെലവ് നല്‍കണമെന്ന് ഹൈക്കോടതി. തുക ഉദ്യോഗസ്ഥ സ്വയം അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

ബൈപ്പാസിനുവേണ്ടി തന്റെ വീടും ഭൂമിയും ഏറ്റെടുക്കുന്നതിന് നിശ്ചയിച്ച വിലയിലെ അപാകം ചൂണ്ടിക്കാട്ടി പാലാ അരുണാപുരം ഗീതാഞ്ജലിയില്‍ പി.എം. സാജനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിക്ക് ന്യായവിലകിട്ടാന്‍ 12 വര്‍ഷമായി നിയമപ്പോരാട്ടം നടത്തുകയാണ് സാജന്‍.

2013 ജൂണ്‍ 25-നാണ് സംഭവങ്ങളുടെ തുടക്കം. പി.എം. സാജന്റെ 9.90 ആര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി അറിയിച്ചത്. സെന്റിന് 50 ലക്ഷത്തോളം രൂപ വിലയുള്ള ഭൂമിയാണിതെന്ന് ഉടമകള്‍ അവകാശപ്പെടുന്നു. പക്ഷേ, സെന്റിന് 2.83 ലക്ഷമാണ് റവന്യൂ വകുപ്പ് നിശ്ചയിച്ചത്. പാലാ ടൗണില്‍ അതിനെക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് ഭൂമി രജിസ്‌ട്രേഷന്‍ നടന്നതിന്റെ വിവരങ്ങള്‍ പരാതിക്കാരന്‍ റവന്യൂ വകുപ്പിനുമുന്നില്‍ ഹാജരാക്കിയിരുന്നു.

Tags:    

Similar News