ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രണത്തിന് ബൗണ്‍സര്‍മാര്‍ വേണ്ട; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി; തെറ്റുപറ്റിയെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
കൊച്ചി: ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ 'ബൗണ്‍സേഴ്സിനെ' നിയോഗിച്ചതിനെതിരെയാണ് കോടതി ഉത്തരവ്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഇത്തരം സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ വ്യക്തിയാണ് ഹര്‍ജി നല്‍കിയത്.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വൃശ്ചികോത്സവത്തിലാണ് പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ബൗണ്‍സര്‍മാരെ നിയോഗിച്ചത്. ബൗണ്‍സര്‍മാര്‍ എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ടുകൊണ്ട് അവര്‍ ഭക്തരെ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുന്‍പാകെ ഹര്‍ജി എത്തുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രത്തില്‍ ഉത്സവം നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബൗണ്‍സര്‍മാരെ നിയന്ത്രിച്ചതെന്നാണ് ക്ഷേത്രം അധികാരികള്‍ വ്യക്തമാക്കിയത്. കൊച്ചിന്‍ ദേവസ്വം ബോര്ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. സ്വകാര്യ ബൗണ്സര്‍മാര്‍ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചിരുന്നു.