വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; പ്ലസ്വണ്‍ വിദ്യാര്‍ഥികളുടെ അടിയേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പരിക്കുകളെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. കുംഭകോണത്തിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളായ പട്ടീശ്വരം അറിജ്ഞര്‍ അണ്ണ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ നാലിനാണ് സംഭവം. പ്രതികള്‍ മരക്കഷണം ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ തലയില്‍ അടിച്ചതായും ഇത് ഗുരുതരമായ പരിക്കിന് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെയാണ് മരണം.
രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 15 പ്ലസ്വണ്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. മരക്കഷണം ഉള്‍പ്പെടെ ഉപയോഗിച്ചാണ് മര്‍ദിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം കുംഭകോണം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് മരിച്ചത്. പ്രതികളെ മുഴുവന്‍ അറസ്റ്റുചെയ്ത് ബാലസദനത്തില്‍ പ്രവേശിപ്പിച്ചു. പട്ടീശ്വരം പോലീസ് ആദ്യം കൊലപാതകശ്രമത്തിനാണ് കേസെടുത്തിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൊലപാതകവുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ ചേര്‍ക്കും.