കോഴിക്കോട് കോര്‍പ്പറേഷന്‍ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രന്‍

Update: 2025-12-09 09:31 GMT

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രന്‍. ഇത്തവണ എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കും. എന്‍ഡിഎ കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിച്ചാണ് വോട്ട് ചോദിക്കുന്നത്. ഇത് മനസിലാക്കി യുഡിഎഫും എല്‍ഡിഎഫും വലിയ വര്‍ഗീയ പ്രചാരണങ്ങളുമായി വന്നു. വീടുകള്‍ കയറി പച്ചയായ വര്‍ഗീയതയുമായി വന്നു.

ഇത്ര ഗുരുതര സ്വഭാവമുള്ള പച്ചയായ വര്‍ഗീയത പറഞ്ഞ് ഇതുവരെ വോട്ട് പിടുത്തം ഉണ്ടായിട്ടില്ല. ജമാ അത്തെ ഇസ്ലാമി മുന്നില്‍ നിന്ന് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നു. വിഡി സതീശന്‍ പറഞ്ഞ നിലപാടിന് വിരുദ്ധമാണത്. കോണ്‍ഗ്രസിന് അവിടെ സ്ഥാനാര്‍ഥിയില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ട് രേഖപ്പെടുത്തി. കവടിയാറിലെ ബൂത്തില്‍ രാവിലെ തന്നെ എത്തിയാണ് അദ്ദേഹം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ക്യൂവില്‍ ഏറെ നേരം നിന്ന ശേഷമാണ് അദ്ദേഹം വോട്ട് ചെയ്തത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ''ഇത് നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പാണ്. നമ്മുടെ നാടിന്റെ ഭാവിക്കു വേണ്ടി എല്ലാവരും വോട്ട് ചെയ്യണം'' എന്ന് പ്രതികരിച്ചു. അഞ്ച് വര്‍ഷത്തില്‍ കിട്ടുന്ന അവസരമാണിത്. ഭാവിയെക്കുറിച്ച് ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Similar News