നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇരുന്നു; കണ്ടു വന്ന പോലിസ് കുട്ടി വാഹനമോടിച്ചെന്ന് കേസ്എടുത്തു; അമളി മനസ്സിലായതോടെ പെറ്റിയടിച്ച് തലയൂരി
നിർത്തിയിട്ട സ്കൂട്ടറിലിരുന്ന കുട്ടി വാഹനമോടിച്ചെന്ന് കേസ്
വിദ്യാനഗര്‍: പത്താം ക്ലാസുകാരനായ അനുജനെ പിന്നിലിരുത്തി സ്‌കൂട്ടറോടിച്ച 19 വയസ്സുകാരി പുലിവാല് പിടിച്ചു. പോലിസിന്റെ കണ്ണില്‍പ്പെട്ടതോടെയാണ് യുവതി പൊല്ലാപ്പ് പിടിച്ചത്. നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇരുന്ന കുട്ടിയെ കണ്ട പോലിസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കു വാഹനം ഓടിക്കാന്‍ നല്‍കിയെന്നാരോപിച്ച് യുവതിക്കെതിരെ കേസെടുക്കുക ആയിരുന്നു.
ഇക്കഴിഞ്ഞ ഏഴിനു വൈകിട്ട് ചെര്‍ക്കള ബേര്‍ക്ക റോഡിലാണു സംഭവം. അനുജനെ സ്‌കൂട്ടറിലിരുത്തി യുവതി കടയില്‍ കയറി. ഈ സമയത്തെത്തിയ പൊലീസ് തെറ്റിദ്ധരിച്ച് കേസെടുക്കുകയും സ്‌കൂട്ടര്‍ സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. അനുജന്‍ സ്‌കൂട്ടര്‍ ഓടിച്ചിട്ടില്ലെന്ന്, സിസിടിവി ദൃശ്യങ്ങളടക്കം ഹാജരാക്കി പറഞ്ഞിട്ടും എഫ്‌ഐആര്‍ റദ്ദാക്കുകയോ വാഹനം വിട്ടുനല്‍കുകയോ ചെയ്തില്ലെന്ന് യുവതി പറയുന്നു.
ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയശേഷമാണു വാഹനം വിട്ടുകിട്ടിയത്. വിദ്യാര്‍ഥി വാഹനമോടിച്ചെന്ന വകുപ്പ് ഒഴിവാക്കുമെന്നും ഇന്‍ഷുറന്‍സില്ലാത്ത വാഹനമോടിച്ചതിനു കേസുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.