ഓട്ടോയില്‍ നിന്നും പുക ഉയര്‍ന്നു; വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെ യുവാവ് കാര്‍ ഇടിച്ച് മരിച്ചു
ഓട്ടോയില്‍ നിന്നും പുക ഉയര്‍ന്നു; പരിശോധിക്കുന്നതിനിടെ യുവാവ് കാര്‍ ഇടിച്ച് മരിച്ചു
മണര്‍കാട്: ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി റോഡില്‍ ഇരുന്ന് പരിശോധിച്ച യുവാവ് കാര്‍ ഇടിച്ച് മരിച്ചു. ഇതേ ദിശയില്‍ നിന്നുതന്നെ എത്തിയ കാര്‍ യുവാവിനെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. പാമ്പാടി വെള്ളൂര്‍ പങ്ങട വടക്കേപ്പറമ്പില്‍ ജോസിന്റെ മകന്‍ എമില്‍ ജോസ് (20) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എമില്‍ റോഡില്‍ ഇരുന്ന് ഓട്ടോയുടെ അടിയില്‍ പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തിരുവഞ്ചൂരിലെ പള്ളിയില്‍നിന്ന് മുത്തുക്കുട എടുത്ത് തിരികെ വരുകയായിരുന്നു എമിലും സുഹൃത്തുക്കളും.
മണര്‍കാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഓട്ടോറിക്ഷയില്‍നിന്ന് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ ഓട്ടോറിക്ഷ റോഡരികില്‍ ഒതുക്കി പരിശോധിക്കുന്നതിനിടെയാണ് അപകടം. ഇടിച്ച കാറില്‍ തന്നെയാണ് എമിലിനെ ആശുപത്രിയില്‍ എത്തിച്ചത്. മണര്‍കാട് പോലീസ് കേസെടുത്തു. സഹോദരന്‍ -എബിന്‍, അമ്മ -സെലിന്‍ ജോസ്. എസ്.എച്ച്. ആശുപത്രിയിലെ റേഡിയോളജി വിദ്യാര്‍ഥിയാണ് എമില്‍. സംസ്‌കാരം പിന്നീട്.