പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത വര്‍ഷം കൂടി അഞ്ച് വയസ്; 2027 മുതല്‍ ആറ് വയസാക്കും:

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 2027 മുതല്‍ ആറ് വയസ്

Update: 2025-12-13 00:17 GMT

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത അധ്യയന വര്‍ഷം കൂടി അഞ്ചു വയസ്സായി തുടരും. 2027 മുതല്‍ ആറു വയസ്സാക്കി ഉയര്‍ത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒരു വര്‍ഷം മുന്‍പു മാത്രം 6 വയസ്സ് മാനദണ്ഡം പ്രഖ്യാപിച്ചതിനെതിരെ രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് നിലപാട് മാറ്റം. അതേസമയം, എസ്എസ്എല്‍സി പരീക്ഷ ജയിക്കാന്‍ എഴുത്തുപരീക്ഷയില്‍ 30% മാര്‍ക്ക് നേടണമെന്ന മിനിമം മാര്‍ക്ക് സമ്പ്രദായം നേരത്തേ പ്രഖ്യാപിച്ചതനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ തന്നെ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാകുന്നതോടെ പ്രീപ്രൈമറി വിദ്യാഭ്യാസവും അതിനനുസരിച്ച് മൂന്ന് വര്‍ഷ ഘടനയിലാക്കേണ്ടി വരും. അതിനു വേണ്ട സമയം കൂടി പരിഗണിച്ചാണു തീരുമാനം. എന്നാല്‍ കേന്ദ്ര സിലബസ് സ്‌കൂളുകളില്‍ ഭൂരിപക്ഷവും ആറു വയസ്സ് മാനദണ്ഡം നടപ്പാക്കിക്കഴിഞ്ഞു. ദേശിയ വിദ്യാഭ്യാസ നയമായ എന്‍ഇപി അനുസരിച്ചണ് കേരളവും മാറ്റത്തിനൊരുങ്ങുന്നത്.

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡമെന്നതു പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലെ (എന്‍ഇപി) പ്രധാന നിര്‍ദേശങ്ങളിലൊന്നാണ്. 2022 മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന 5 വയസ്സ് മാനദണ്ഡം മാറ്റാനാകില്ലെന്ന നിലപാടിലായിരുന്നു കേരളം. എന്നാല്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇതു നടപ്പാക്കാന്‍ തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കേരളം വഴങ്ങുന്നതിന്റെ ആദ്യ സൂചനയും ഇതായിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് എന്‍ഇപി മാതൃകാ പദ്ധതിയായ 'പിഎം ശ്രീ' നടപ്പാക്കുന്നത് മരവിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് എന്‍ഇപിയിലെ പ്രധാന നിര്‍ദേശം നടപ്പാക്കുന്നതും സംസ്ഥാനം നീട്ടിവയ്ക്കുന്നത്.

Tags:    

Similar News