വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്; കീഴടങ്ങാന്‍ എത്തിയ പ്രതികളെ കോടതി വളപ്പില്‍ നിന്നും പിടികൂടി പോലിസ്

പ്രതികളെ കോടതി വളപ്പില്‍ നിന്നും പിടികൂടി പോലിസ്

Update: 2025-12-13 00:30 GMT

പാലക്കാട്: വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതികളെ പൊലീസ് കോടതിവളപ്പില്‍ നിന്നു പിടികൂടി. മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ എത്തിയ മൂന്നു പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പനമണ്ണ ആറുപുഴ ഷാഹിന്‍ (24), അനങ്ങനടി ഓവിങ്കല്‍ നജീബുദ്ദീന്‍ (36), പനമണ്ണ ഇയംമടക്കല്‍ ഫൈസല്‍ ബാബു (36) എന്നിവരാണു പൊലീസിന്റെ കസ്റ്റഡിയിലായത്. ഇന്നലെ നാലരയോടെ പട്ടാമ്പി മജിസ്ട്രേട്ട് കോടതി വളപ്പിലാണു സംഭവം.

പ്രതികള്‍ കോടതിയിലേക്ക് എത്തുന്ന വിവരം അറിഞ്ഞ പോലിസ് മഫ്തിയില്‍ എത്തിയാണു പ്രതികളെ പിടികൂടിയത്. കോടതിയില്‍ എത്തിയ വിവരം അഭിഭാഷകന്‍ മജിസ്ട്രേട്ടിനെ അറിയിക്കുകയും തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നതിനിടെയായിരുന്നത്രേ പൊലീസ് ഇടപെടല്‍. കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് പറയുന്നത്. കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നു പൊലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

തിരുമിറ്റക്കോട്ടു നിന്നു വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംശയിക്കപ്പെട്ടതോടെ ഒറ്റപ്പാലത്തെ അഭിഭാഷകന്‍ മുഖേന കീഴടങ്ങാനായി അപേക്ഷയുമായി എത്തിയതായിരുന്നു മൂവരും. വിവരമറിഞ്ഞ മൂവരും അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയില്‍ കീഴടങ്ങാനെത്തിയതായിരുന്നത്രേ. എന്നാല്‍, എഫ്ഐആറില്‍ പേരില്ലാത്തതും പൊലീസ് റിപ്പോര്‍ട്ട് നല്‍കാത്തതും കാരണം കോടതിക്കു നടപടിയെടുക്കാനും സാധ്യമായിരുന്നില്ല. മൂന്നു പേരെയും എഫ്ഐആറില്‍ പ്രതിചേര്‍ക്കാന്‍ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

Similar News