സ്വര്‍ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല; ആര്യാ രാജേന്ദ്രന്‍ എന്നേക്കാള്‍ മികച്ച മേയര്‍; ജനവിധിയെ മാനിക്കുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായ കാരണങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തശേഷമേ പറയാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷനില്‍ അധികാരം ലഭിച്ചിരുന്നെങ്കില്‍ ആര്യ രാജേന്ദ്രന്‍ മികച്ച മേയറാണെന്ന് എല്ലാവരും പറയുമായിരുന്നുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. തന്നെക്കാള്‍ മികച്ച മേയറാണ് ആര്യയെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് തിരിച്ചടിയുണ്ടായതിനു പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണുണ്ടായത്.
ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പാണ്. ഫലത്തെ സ്വാഗതം ചെയ്യുന്നു. ജനവിധിയെ മാനിക്കുന്നു. വോട്ടിങ് ശതമാനമൊക്കെ പരിശോധിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ചെറിയ പിറകോട്ടടിയുണ്ട്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ട്. പുതിയ കാര്യമല്ല. പരിശോധിച്ച് കൂടുതല്‍ ശക്തിയോടെ മുമ്പോട്ട് വരും, വി. ശിവന്‍കുട്ടി പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് സ്വതന്ത്രനെ പിന്തുണച്ച് നഗരസഭ ഭരിക്കുമോ എന്ന ചോദ്യത്തിന്, ജനാധിപത്യപരമായി അധികാരത്തില്‍വന്ന ഭരണസമിതിയെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം മറുപടിനല്‍കി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം ലഭിച്ചിരുന്നെങ്കില്‍ ആര്യ മികച്ച മേയര്‍ എന്ന് എല്ലാവരും പറഞ്ഞേനെയെന്നും തന്നെക്കാള്‍ മികച്ച മേയറായിരുന്നു ആര്യയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം തിരുവനന്തപുരം മേയര്‍ ആയിരുന്നയാളാണ് ഞാന്‍. ഞാന്‍ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളേക്കാള്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നിട്ടുണ്ട്', മന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാധിച്ചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയറുടെ ഭരണത്തിലുണ്ടായ പിശകാണെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
കേന്ദ്ര ലേബര്‍ കോഡുകള്‍ക്കെതിരേ കേരളം പ്രതിരോധം തീര്‍ക്കും. ബദല്‍ തൊഴില്‍ നയം രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19-ന് തിരുവനന്തപുരത്ത് ലേബര്‍ കോണ്‍ക്ലേവ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
