സിപിഎം കൗണ്‍സിലറെയടക്കം ബോംബെറിഞ്ഞ് വെട്ടിക്കൊല്ലാന്‍ ശ്രമം; വധശ്രമ കേസില്‍ തലശ്ശേരിയിലെ നിയുക്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവ്
തലശ്ശേരി: സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി നഗരസഭ നിയുക്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവ്. നഗരസഭാ അംഗമായിരുന്ന കൊങ്ങല്‍വയലിലെ പി.രാജേഷ്, സഹോദരന്‍ പി.രഞ്ജിത്ത്, പിതൃസഹോദരി ചന്ദ്രി എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് വിധി.
തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉള്‍പ്പെടെ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. 108000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബര്‍ 15 നായിരുന്നു സിപിഎം കൗണ്‍സിലര്‍ പി രാജേഷിനെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്. തലശ്ശേരി നഗരസഭ കൊമ്മല്‍വയല്‍ വാര്‍ഡില്‍ നിന്നാണ് ശിക്ഷിക്കപ്പെട്ട പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടത്.
2007 ഡിസംബര്‍ 15ന് രാത്രിയില്‍ ബോംബെറിഞ്ഞും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലശ്ശേരി നഗരസഭ കൊങ്ങല്‍വയല്‍ വാര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ഉപ്പേട്ട, മഠത്തില്‍താഴെ രാധാകൃഷ്ണന്‍, കല്ലൂന്നി രാധാകൃഷ്ണന്‍, പി.വി.സുരേഷ്, പ്രശോഭ്, വിജേഷ്, സുധീഷ്, പ്രജീഷ്, രൂപേഷ്, സി.എം.മനോജ് എന്നിവരെയാണ് ശിക്ഷിച്ചത്. എട്ടാം പ്രതി കാട്ടില്‍പറമ്പത്ത് മനോജ് വിചാരണയ്ക്കിടെ മരിച്ചു. കേസില്‍ പതിനൊന്നാം പ്രതിയാണ് പ്രശാന്ത് ഉപ്പേട്ട. ആദ്യമായാണ് പ്രശാന്ത് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തടവിന് പുറമെ പ്രതികള്‍ ഒരു ലക്ഷത്തി എട്ടായിരം രൂപ പിഴയും അടയ്ക്കണം. തലശേരി അഡീഷനല്‍ അസി. സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു.