ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു; സി.ആര്‍.എം.എ.എസിന്റെ പുതിയ ഗവേഷണ-നിര്‍മാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്

സി.ആര്‍.എം.എ.എസിന്റെ പുതിയ ഗവേഷണ-നിര്‍മാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്

Update: 2025-12-17 15:21 GMT

തിരുവനന്തപുരം: കേരളത്തിന്റെ ലൈഫ് സയന്‍സസ് മേഖലയില്‍ നാഴികക്കല്ലാകുന്ന പദ്ധതിക്കു തുടക്കമായി. ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ മോളിക്കുലാര്‍ ആന്‍ഡ് അപ്ലൈഡ് സയന്‍സ് (സിആര്‍എംഎഎസ്) എന്ന ആധുനിക ഗവേഷണ-നിര്‍മാണ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ബയോ-മെഡിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കുള്ള പുതിയ മുന്നേറ്റമാണ് ഈ പദ്ധതിയെന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളുമായും വിവിധ ഐഐടി,എന്‍ഐടികളുമായും സഹകരിക്കുന്ന സ്ഥാപനം പുതിയ യൂണിറ്റിലൂടെ നൂറിലധികം ഹൈസ്‌കില്‍ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുകമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിപുലീകരണത്തിലൂടെ ഇലക്ട്രിക് പള്‍സ് സ്റ്റിമുലേഷന്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള ടെക്‌നോളജി മാനുഫാക്ചറിങ്ങ് കേരളത്തില്‍ തന്നെ ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീന ഡിസീസ് മോഡലിംഗ് സിസ്റ്റങ്ങള്‍, ന്യൂറോണല്‍ സ്റ്റിമുലേഷന്‍, കാര്‍ഡിയാക് റീമോഡലിംഗ് തുടങ്ങിയ മേഖലകളില്‍ കൃത്യമായ ഗവേഷണങ്ങള്‍ക്ക് ഈ കേന്ദ്രം പുതിയ സാധ്യതകള്‍ തുറക്കുമെന്നു സിആര്‍എംഎഎസ് ഡയറക്ടര്‍ ഡോ. രാജേഷ് രാമചന്ദ്രന്‍ പറഞ്ഞു. ആയുര്‍വേദവും ബയോമാറ്റീരിയല്‍സും ശക്തിപ്പെടുത്തുന്ന ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ഹബ്ബായി സിആര്‍എംഎസ് മാറുമെന്നും ആഗോള ശാസ്ത്രജ്ഞരെ ഏകോപിപ്പിച്ച് പ്രായോഗിക ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന പുതിയ കേന്ദ്രത്തിന്റെ ആദ്യഘട്ടത്തിനാണ് മന്ത്രി പി രാജീവ് ഇന്ന് തറക്കല്ലിട്ടത്. ഏകദേശം 15,800 ചതുരശ്ര അടി വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കേന്ദ്രത്തില്‍ 8,600 ചതുരശ്ര അടി ലോകനിലവാരമുള്ള ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ക്കും ശേഷിക്കുന്ന 6,000 ചതുരശ്ര അടി സിആര്‍എംഎഎസ് വികസിപ്പിച്ച ആയുഷ് (അഥഡടഒ) ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുമായി ഉപയോഗപ്പെടുത്തും .

ചടങ്ങില്‍ ബയോ 360 സി ഇ ഒ ഡോ. പ്രവീണ്‍ കെ.എസ്., കേരള സര്‍വകലാശാല ബയോ കെമിസ്ട്രി വിഭാഗം പ്രൊഫസ്സര്‍ ഡോ.മിനി എസ് , ബയോ 360 പ്രൊജക്റ്റ് മാനേജര്‍ ഡോ സുനിത ചന്ദ്രന്‍, സിആര്‍എംഎഎസ് ഡയറക്ടര്‍മാര്‍ ഡോ. സ്മിത സി., ഡോ. രാജേഷ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബയോടെക്‌നോളജി രംഗത്ത് ഒരു ദശാബ്ദത്തിലേറെ മികവ് തെളിയിച്ച സിആര്‍എംഎഎസ്, സ്വകാര്യ വ്യവസായങ്ങള്‍, സര്‍വകലാശാലകള്‍, ദേശീയ ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഇന്‍ വിട്രോ ഡിസീസ് മോഡലിംഗ്, ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച്, മോളിക്യുലര്‍ ബയോളജി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനമാണ്.കേരളത്തിന്റെ ബയോടെക് വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ഈ സംരംഭം, ഗവേഷണത്തെയും വ്യവസായത്തെയും ഒരുമിച്ച് കൊണ്ടുവരുന്ന മാതൃകയായി മാറുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News